നേപ്പാളില്‍ വീണ്ടും ഹിമപാതം, മനാങില്‍ 10 പേരെ കാണാതായി

നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നര്‍ ഫു മേഖലയിലെ 7,126 മീറ്റര്‍ ഉയരമുള്ള ഹിംലുങ് ഹിമാല്‍ പര്‍വ്വതശിഖരത്തില്‍ ശക്തമായ ഹിമപാതത്തെ തുടര്‍ന്ന് 10 പേരെ കാണാതായി. കാണാതായവരില്‍ പര്‍വ്വതാരോഹകരും ഗൈഡുകളും ഉള്‍പ്പെടുന്നുണ്ടെന്ന് ‘കാഠ്മണ്ഡു പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

എക്‌സ്‌പെഡിഷന്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേപ്പാള്‍ ജനറല്‍ സെക്രട്ടറി ഋഷി ഭണ്ഡാരിയാണ് വിവരം സ്ഥിരീകരിച്ചത്. കാണാതായവരില്‍ രണ്ട് പേര്‍ ‘ഇമാജിന്‍ നേപ്പാള്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായും, എട്ട് പേര്‍ ‘ഹിമാലയന്‍ ഹോളിഡേയ്സ് നേപ്പാള്‍’ എന്ന ഏജന്‍സിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ഉയര്‍ന്ന പര്‍വ്വതമേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനാല്‍ സെപ്റ്റംബര്‍ 22 മുതല്‍ ഹിമപാതത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് നേപ്പാള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേപ്പാളിലെ രസുവയില്‍ വന്‍ ഹിമപാതത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഏകദേശം 1,400-ഓളം പേര്‍ കൊല്ലപ്പെട്ട് ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും ദുരന്തം ഉണ്ടായിരിക്കുന്നത്.