യുഎസില്‍ ദീപാവലി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി തീവ്രവലതുപക്ഷ സംഘം

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയ സംഭവത്തെ രൂക്ഷമായി അപലപിച്ച് യുഎസ് കോണ്‍ഗ്രസ് അംഗവും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ പ്രമീള ജയപാല്‍. ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ കണ്ട് താന്‍ അങ്ങേയറ്റം അസ്വസ്ഥയാണ് എന്ന് പ്രമീള പ്രതികരിച്ചു.

കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകരായ ജേക്ക് ലാങ്, തോമസ് അലന്‍ എന്നിവര്‍ ദീപാവലി ആഘോഷ പരിപാടി നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ ജൊനാഥന്‍ ചോ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ വംശജ കൂടിയായ പ്രമീള ജയപാല്‍ അമര്‍ഷം രേഖപ്പെടുത്തിയത്.

‘ഈ നീചവും വംശീയവുമായ നടപടി എന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കുന്നു. ദീപാവലി വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്, ഭയമില്ലാതെ അത് ആഘോഷിക്കാന്‍ നമ്മുടെ സമൂഹത്തിന് സുരക്ഷിതത്വം ഉണ്ടായിരിക്കണം. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നമ്മുടെ നഗരത്തിലോ രാജ്യത്തോ യാതൊരു സ്ഥാനവുമില്ല,’ പ്രമീള എക്‌സില്‍ കുറിച്ചു.

പരിപാടി നടന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ സംഘം ഇന്ത്യന്‍ വംശജരെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ‘ഡോട്ട് ഹെഡ്‌സിനെ നാടുകടത്തുക’, ‘ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ പ്രതിഷ്ഠിക്കുന്നത് അവസാനിപ്പിക്കുക’ തുടങ്ങിയ വിദ്വേഷ വാചകങ്ങളാണ് പ്ലക്കാര്‍ഡുകളില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി അജയ് ജെയിന്‍ ഭൂട്ടോറിയയും രംഗത്തെത്തി. സംഭവം ശുദ്ധമായ വിദ്വേഷവും വര്‍ഗീയതയുമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു.

‘സിയാറ്റിലില്‍ സമാധാനപരമായി നടന്ന ദീപാവലി ആഘോഷത്തിലേക്ക് ജേക്ക് ലാങ്ങും തോമസ് അലനും അതിക്രമിച്ചുകയറി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് കടുത്ത വര്‍ഗീയതയാണ്. ദീപാവലി എന്നത് പ്രകാശത്തിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്, അതൊരു ഭീഷണിയല്ല. ഹൈന്ദവ അമേരിക്കക്കാരെയും ഇന്ത്യന്‍ കുടിയേറ്റക്കാരെയും വംശീയമായി അധിക്ഷേപിക്കുന്നതിനും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഈ രാജ്യത്ത് സ്ഥാനമില്ല. ഈ വംശീയതയ്‌ക്കെതിരെയും സ്വന്തം പാരമ്പര്യം സ്വതന്ത്രമായി ആഘോഷിക്കാനുള്ള ഓരോ അമേരിക്കക്കാരന്റെയും അവകാശത്തിനായും ഞങ്ങള്‍ നിലകൊള്ളുന്നു,’ അജയ് ജെയിന്‍ വ്യക്തമാക്കി.