ആറുമാസം പിന്നിട്ടിട്ടും മടക്കമില്ലാതെ ലാവനും ജീവനക്കാരും കൊച്ചിയില്‍
പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതിനു പിന്നാലെ കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാനിയന്‍ നാവികസേനാ കപ്പല്‍ ‘ഐ.ആര്‍.ഐ.എസ് ലാവന്‍’ ആറുമാസം പിന്നിട്ടിട്ടും മടക്കയാത്ര സാധ്യമാകാതെ ഇവിടെത്തന്നെ തുടരുകയാണ്. ശ്രീലങ്കന്‍ തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് മറ്റൊരു ഇറാനിയന്‍ കപ്പലായ ‘ഐ.ആര്‍.ഐ.എസ് ദേന’ അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട അതേ ദിവസമാണ് സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി ലാവന്‍ കൊച്ചി തീരത്തേക്ക് അടുത്തത്.
വിശാഖപട്ടണത്ത് നടന്ന ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂവിലും മിലന്‍ 2026 അന്താരാഷ്ട്ര നാവികാഭ്യാസത്തിലും പങ്കെടുക്കാനായിരുന്നു ഇരു കപ്പലുകളും ഇന്ത്യയിലെത്തിയത്. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുകയും ഐ.ആ.ഐ.എസ് ദേന ആക്രമിക്കപ്പെടുകയുമായിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന ‘ഐ.ആര്‍.ഐ.എസ് ബുഷെഹര്‍’ എന്ന മറ്റൊരു ഇറാന്‍ കപ്പല്‍ ശ്രീലങ്കയില്‍ അഭയം തേടിയിരുന്നു.
183 ജീവനക്കാരുമായി എത്തിയ കപ്പലില്‍ നിന്ന് അത്യാവശ്യമല്ലാത്ത ഭൂരിഭാഗം പേരെയും ഒരു മാസത്തിനു ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചെങ്കിലും, കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനുമായി രണ്ട് ഡസനിലധികം ജീവനക്കാര്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ മേല്‍നോട്ടത്തിലേക്ക് കപ്പലിന്റെ നിയന്ത്രണം കൈമാറിയിട്ടുണ്ടെങ്കിലും സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സാങ്കേതിക തകരാറിലായ കപ്പലിനെയും അതിലെ ഭൂരിഭാഗവും യുവ കേഡറ്റുകളായ ജീവനക്കാരെയും മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യ സ്വീകരിച്ചതെന്ന് മാര്‍ച്ച് 7-ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ‘ഈ കപ്പലുകള്‍ അവിടെയുണ്ടായിരുന്നു. ആ സമയത്ത് നമ്മുടെ സമുദ്രാതിര്‍ത്തിക്ക് ഏറ്റവും അടുത്തായിരുന്ന ഒരു കപ്പല്‍ നമ്മുടെ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാന്‍ ഭാഗത്തുനിന്ന് സന്ദേശം ലഭിച്ചു. തങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നാണ് അവര്‍ അറിയിച്ചത്. മാര്‍ച്ച് 1 ന് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി,’ അദ്ദേഹം പറഞ്ഞു.









