ഇറാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും അവിടെയുള്ള ഇന്‍ഡ്യക്കാര്‍ക്കുമായി താക്കിത് നല്‍കി ഇന്ത്യന്‍ എംബസി
പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ പുതിയ യാത്രാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിലവില്‍ ഇറാനിലുള്ളവര്‍ ലഭ്യമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നുമാണ് എംബസി അറിയിച്ചിരിക്കുന്നത്.
‘മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്‍ നിര്‍ദ്ദേശം എംബസി ആവര്‍ത്തിക്കുകയാണ്. നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരും ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാണമെന്നും നിര്‍ദ്ദേശിക്കുന്നു.’ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഉണ്ടായ സൈനിക നടപടിയെ തുടര്‍ന്നാണ് സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ എംബസി തങ്ങളുടെ മുന്‍ മുന്നറിയിപ്പ് ആവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാരോട് സ്വന്തം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, വ്യവസായികള്‍, തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നിലവില്‍ ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. നിലവിലുള്ള അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ പുറപ്പെടുവിക്കുന്ന എട്ടാമത്തെ യാത്രാ നിര്‍ദ്ദേശമാണിത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോട് ഇറാനില്‍ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി ഒരു ഹെല്‍പ്പ്ലൈന്‍ നമ്പറും എംബസി ആരംഭിച്ചിരുന്നു. സാഹചര്യം വീണ്ടും വഷളാകുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തി രാജ്യത്തിന് പുറത്തുകടക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.








