എന്‍ഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുംബൈ: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കുന്നതിനാണ് മുത്തലാഖ് നിരോധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ഒരു തുള്ളി രക്തം പോലും ചിന്താതെയും വെടിയുതിര്‍ക്കാതെയും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

ചില സംസ്ഥാനങ്ങള്‍ ഇതിനകം യുസിസി നടപ്പാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള 21 സംസ്ഥാനങ്ങളിലും 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുസിസി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ബിജെപി യുസിസി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വിവാഹം, അവകാശം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമചട്ടക്കൂട് കൊണ്ടുവരികയാണ് യുസിസിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, തങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സാംസ്‌കാരിക സ്വത്വവും നിലനിര്‍ത്തുന്നതിനായി ആദിവാസി വിഭാഗങ്ങളെ യുസിസിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച ചോദ്യത്തിനും അമിത് ഷാ മറുപടി നല്‍കി. മണിപ്പൂരിലെ സഖ്യകക്ഷികളുമായും വിവിധ വിഭാഗങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ക്രിമിനല്‍ നീതിന്യായ മേഖലകളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

ഭാരതീയ ന്യായ സംഹിത ഫലപ്രദമായി നടപ്പാക്കിയതായും ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ കുറ്റക്കാരുടെ ശിക്ഷാനിരക്ക് 30 ശതമാനമാണെന്നും അമിത് ഷാ പറഞ്ഞു. നക്‌സലിസത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചെന്നും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ജിക്കല്‍ സ്‌ട്രൈക്കും ഓപ്പറേഷന്‍ സിന്ദൂറും ശത്രുക്കളോട് വിട്ടുവീഴ്ചയില്ലാതെ പോരാടാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളെക്കുറിച്ചും അമിത് ഷാ പ്രതികരിച്ചു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തേക്ക് അനധികൃതമായി കടന്ന ഓരോ വ്യക്തിയെയും കണ്ടെത്തുമെന്നും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ലഹരി ഭീഷണി ഇല്ലാതാക്കുന്നതിനായി നശ മുക്ത് അഭിയാന്‍ പ്രചാരണവുമായി എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുമെന്നും ഇന്ത്യയ്ക്ക് ലഹരി ഭീഷണി ഇല്ലാതാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.