ബഹുഭാര്യാത്വം നിരോധിക്കും; ലിവ് ഇന്‍ ബന്ധത്തിന് രജിസ്ട്രേഷന്‍; രാജ്യത്തെ ആദ്യ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്തയാഴ്ച ഉത്തരാഖണ്ഡില്‍

ഡെറാഢൂണ്‍: അടുത്തയാഴ്ചയോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്ന് റിപ്പോര്‍ട്ട്. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശിയ അധ്യക്ഷയായ സമിതി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് സമര്‍പ്പിക്കും.

ദീപാവലിക്ക് ശേഷം ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേകസമ്മേളനം ചേരും. അതില്‍ ബില്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ മതത്തെ അടിസ്ഥാനമാക്കി പൊതുനിയമം നടപ്പാക്കും. കരട് ബില്ലില്‍ ബഹുഭാര്യാത്വം സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിവ് ഇന്‍ ബന്ധത്തിന് അവരുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള വ്യവസ്ഥയും ഉണ്ട്.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത്. രണ്ടാം തവണ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ കരട് തയ്യാറാക്കാന്‍ രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് ധാമി അനുമതി നല്‍കി.

വിദഗ്ധ സമിതി കരട് തയ്യാറാക്കുന്നതിന് മുമ്പ് 2.33 ലക്ഷം ആളുകളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആദിവാസി ഗ്രൂപ്പുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചു.രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും വിവിധ മതങ്ങളില്‍ നിന്നുള്ള നേതാക്കളും ഉള്‍പ്പെടെ നേരില്‍ കണ്ടതായും സമിതി അവകാശപ്പെട്ടു.