ഇന്ത്യ നക്‌സല്‍ മുക്തം: മുഴുവന്‍ ക്രെഡിറ്റും സുരക്ഷാ സേനകള്‍ക്കെന്ന് അമിത് ഷാ
റായ്പൂര്‍: ഇന്ത്യ നക്‌സല്‍ മുക്തമായതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തു നിന്ന് നക്സലിസം തുടച്ചുനീക്കുന്നതിനായി താന്‍ മുന്നോട്ടുവെച്ച 2026 മാര്‍ച്ച് 31 എന്ന സമയപരിധിക്കു ശേഷം ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തിനിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ ഇപ്പോള്‍ നക്‌സല്‍ മുക്തമാണെന്ന് ഞാന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു,’ എന്നു പറഞ്ഞ അമിത് ഷാ, ഒരിക്കല്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ബസ്തര്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ഒപ്പമെത്തിക്കുമെന്നും ഉറപ്പു നല്‍കി. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിവിധ സുരക്ഷാ സേനാംഗങ്ങള്‍, നക്‌സല്‍ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും കുടുംബാംഗങ്ങള്‍ എന്നിവരെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തത്.
‘ബസ്തറിനെ സംബന്ധിച്ചിടത്തോളം ഇതു വളരെ വലിയൊരു ദിവസമാണ്. ഇന്ന് ഇവിടെ നിന്നുകൊണ്ട് നെഞ്ച് വിരിച്ച് എനിക്ക് പറയാന്‍ സാധിക്കും, ഭാരതം നക്‌സല്‍ മുക്തമായിക്കഴിഞ്ഞു. ഈ നേട്ടത്തിന്റെ പൂര്‍ണ്ണ അവകാശം നമ്മുടെ സുരക്ഷാ സൈന്യത്തിനാണ്, നിങ്ങളെ ഞാന്‍ വണങ്ങുന്നു. ആയിരക്കണക്കിന് ജവാന്മാര്‍ ജീവത്യാഗം ചെയ്ത് യാഥാര്‍ത്ഥ്യമാക്കിയ ഒരു സ്വപ്നമായിരുന്നു ഇത്,’ അമിത് ഷാ പറഞ്ഞു.
‘1971 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ജനങ്ങള്‍ ഇതൊരു ദുസ്വപ്നം പോലെയാണ് അനുഭവിച്ചത്. ഒട്ടേറെ രക്തച്ചൊരിച്ചിലുകള്‍ നടന്നു, മൂന്ന് തലമുറകള്‍ നഷ്ടപ്പെട്ടു. ഒരു ആയുസ്സ് കൊണ്ട് തീര്‍ക്കാന്‍ കഴിയില്ലെന്ന് കരുതിയ ലക്ഷ്യം മൂന്ന്-നാല് വര്‍ഷങ്ങള്‍ കൊണ്ട് നമ്മുടെ വീര ജവാന്മാര്‍ പൂര്‍ത്തിയാക്കിയതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇടതുപക്ഷ തീവ്രവാദം എന്നിങ്ങനെ മൂന്ന് ആഭ്യന്തര-ബാഹ്യ സുരക്ഷാ ഭീഷണികളാണ് രാജ്യം നേരിട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് ഇന്ത്യ ഈ മൂന്ന് പ്രശ്‌നങ്ങളില്‍ നിന്നും വലിയ തോതില്‍ മുക്തമായി വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ബസ്തറിനെ ഇന്ത്യയിലെ ഏറ്റവും വികസിതമായ ഗോത്രവര്‍ഗ്ഗ മേഖലയാക്കി മാറ്റുകയെന്ന പുതിയ ലക്ഷ്യം ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢിലെ 200 സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് ക്യാമ്പുകളില്‍ 70 എണ്ണം എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഏകജാലക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഇവ വഴി 370 ഓളം സര്‍ക്കാര്‍ ആനുകൂല്യങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കും.
നക്‌സലിസം കാരണം ക്വിന്റലിന് 3100 രൂപ നിരക്കിലുള്ള നെല്ല് സംഭരണം, 7 കിലോ സൗജന്യ അരി വിതരണം, സര്‍ക്കാര്‍ ജോലികളിലെ 15 ശതമാനം സംവരണം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ബസ്തറിലെ പല ഗോത്രവര്‍ഗ്ഗക്കാരിലേക്കും എത്തിയിരുന്നില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ആയുധം വെച്ചു കീഴടങ്ങിയ 3000 ത്തോളം നക്‌സലുകള്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി നൈപുണ്യ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി 20 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത ബസ്തര്‍ ഇല്ലാതെ ‘വികസിത ഭാരതം 2047’ എന്ന സ്വപ്നം അപൂര്‍ണ്ണമാണെന്ന് അമിത് ഷാ പറഞ്ഞു. റോഡുകള്‍, ഗ്രാമീണ വികസനം, ബാങ്ക് ശാഖകള്‍, പോസ്റ്റ് ഓഫീസുകള്‍, ഗ്യാസ് സിലിണ്ടറുകള്‍, എല്ലാ വീടുകളിലും പൈപ്പ് വെള്ളം, സൗജന്യ റേഷന്‍, വൈദ്യുതി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയം നേരിട്ട് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.







