ഓസ്ട്രിയയിലെ ലിന്‍സില്‍ ദാരുണ അപകടം: മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി
അപ്പര്‍ ഓസ്ട്രിയ: ലിന്‍സില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരനായ യുവാവിനെ കാണാതായതിന് പിന്നാലെ നടത്തിയ തെരച്ചിലില്‍, തകര്‍ന്ന വാഹനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച (ഓഗസ്റ്റ് 7) പുലര്‍ച്ചെ ഉണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് യുവാവ് മരണമടഞ്ഞതെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. ആഷ്ഹാഹ് ആന്‍ ഡെര്‍ ഡോണൗ എന്ന സ്ഥലത്തു നിയന്ത്രണം വിട്ട കാര്‍ കൊക്കെയിലേയ്ക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുവാറ്റുപുഴ സ്വദേശിയായ മാത്യൂസ് ഷാജന്‍ പൊതൂര്‍ (34) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹം വൈദീക വിദ്യാര്‍ത്ഥി ആയിരുന്നു. ലിന്‍സ് രൂപതയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കോടമുള്ളില്‍ പൊതൂര്‍ ഷാജന്‍ – റെജി ദമ്പതികളുടെ ഏക മകനായിരുന്നു.
ഓഗസ്റ്റ് 7-ന് പുലര്‍ച്ചെ മുതല്‍ യുവാവിനെ കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ഷാജന്‍ മാത്യു ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര പരാതി നല്‍കുകയും ഓസ്ട്രിയന്‍ അധികാരികളുമായി ഏകോപിപ്പിച്ച് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓസ്ട്രിയയില്‍ ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഔദ്യോഗികമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം പോലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. എന്നാല്‍, ശനിയാഴ്ച രാവിലെ ഏകദേശം പത്തര മണിയോടെ സംഭവ സ്ഥലത്തിന് സമീപമുള്ള സ്‌പോര്‍ട്‌സ് ഫീല്‍ഡിന് സമീപത്തുവച്ച് ഒരു സൈക്കിള്‍ യാത്രക്കാരിയാണ് തകര്‍ന്ന വാഹനം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്തെ തെളിവുകള്‍ വച്ച്, ബാഹ്യമായ ഇടപെടലൊന്നും കൂടാതെയാണ് യുവാവിന്റെ വാഹനം നിയന്ത്രണം വിട്ടതെന്നും ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരണം സംഭവിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും, കൃത്യമായ മരണകാരണം സ്ഥാപിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
മാത്യൂസിന്റെ റൂംമേറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ചു അദ്ദേഹം രാത്രിയില്‍ എപ്പോഴോ കാര്‍ എടുത്ത് പുറത്തുപോകുകയായിരുന്നു. എന്നാല്‍ ഈ വിവരം റൂംമേറ്റ് അറിയുന്നത് പിറ്റേദിവസം രാവിലെയാണ്. തുടര്‍ന്ന് നടത്തിയ അന്വേക്ഷണത്തിലാണ് മാത്യൂസിനെ കാണാതായ വിവരം പുറംലോകമറിയുന്നത്.
യുവാവിനെ സുരക്ഷിതമായി കണ്ടെത്താന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്ന പിതാവ് ഷാജന്‍ മാത്യുവിന് ഒടുവില്‍ ലഭിച്ചത് ദാരുണമായ വാര്‍ത്തയാണ്. ജര്‍മ്മനിയില്‍ എഞ്ചിനീറിംഗ് പഠനത്തിനു പോയ മാത്യൂസ് ജര്‍മ്മനിയിലെ ഫ്രൈബുര്‍ഗ് രൂപതക്കു വേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. അടുത്തിടെ ഓസ്ട്രിയയില്‍ എത്തി അവസാന വര്‍ഷ തിയോളജി പഠിച്ചു കൊണ്ട് പൗരോഹിത്യ സ്വീകരണത്തിനായി ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തുണ്ടായ അദ്ദേഹത്തിന്റെ ആകസ്മികമായ മരണം കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. മരണവാര്‍ത്ത അറിഞ്ഞു അയര്‍ലണ്ട്, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളിലുള്ള ബന്ധുക്കള്‍ ഓസ്ട്രിയയിലേയ്ക്ക് തിരിച്ചട്ടുണ്ട്. മാത്യൂസിന്റെ മരണത്തില്‍ ഓസ്ട്രിയയിലെ മലയാളി സമൂഹം അനുശോചനം രേഖപ്പെടുത്തി.



