വിമര്‍ശകരുടെ വായടപ്പിച്ച് ‘ചേട്ടന്റെ’ മറുപടിയില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ഇന്ത്യ

ഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

സമീപകാല ഫോമിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ സഞ്ജുവിന് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമായിരുന്നു. കൗമാര താരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് സഞ്ജുവിന് രണ്ടാം മത്സരത്തിലും അവസരം നല്‍കിയത്. അതിനാല്‍ തന്നെ കരുതലോടെയാണ് സഞ്ജു തുടങ്ങിയത്.

മറുഭാഗത്ത് അഭിഷേക് ശര്‍മ്മ പതിവുശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ സ്‌കോറിംഗ് വേഗത്തിലായി. 4.4 ഓവറില്‍ ടീം സ്‌കോര്‍ 50ല്‍ എത്തി. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ സഞ്ജു – അഭിഷേക് സഖ്യം 82 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മുഹമ്മദ് നബിയും അസ്മത്തുള്ള ഒമര്‍സായിയുമെല്ലാം സഞ്ജുവിന്റെയും അഭിഷേകിന്റെയും ബാറ്റിന്റെ ചൂടറിഞ്ഞു. താളം കണ്ടെത്തിയതോടെ അഭിഷേകിനേക്കാള്‍ അപകടകാരിയാകുന്ന സഞ്ജുവിനെയാണ് മൈതാനത്ത് കാണാന്‍ സാധിച്ചത്. മുഹമ്മദ് നബിയുടെ ഒരോവറിലെ അവസാന നാല് പന്തില്‍ രണ്ട് സിക്‌സറുകളും രണ്ട് ബൗണ്ടറികളുമാണ് സഞ്ജു പറത്തിയത്.

പവര്‍പ്ലേയ്ക്ക് പിന്നാലെ എത്തിയ റാഷിദ് ഖാന്റെ ആദ്യ പന്ത് തന്നെ ക്രീസില്‍ നിന്ന് ഇറങ്ങി ഗ്യാലറിയിലേയ്ക്ക് പായിച്ച അഭിഷേകിന് തൊട്ടടുത്ത പന്തില്‍ പിഴച്ചു. വീണ്ടും സിക്‌സറിന് ശ്രമിച്ച അഭിഷേകിന്റെ ഷോട്ട് സെദിഖുല്ലയുടെ കൈകളില്‍ അവസാനിച്ചു. 19 പന്തില്‍ 4 സിക്‌സറുകളുടെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 39 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്.

ഇതേ ഓവറില്‍ തന്നെ തന്റെ 7-ാം ടി20 അര്‍ധ സെഞ്ച്വറി തികച്ച സഞ്ജുവിന് പരിശീലകന്‍ ഗൗതം ഗംഭീറും സഹതാരങ്ങളുമെല്ലാം? സന്തോഷത്തോടെ കയ്യടിക്കുന്ന കാഴ്ച കാണാമായിരുന്നു. 50 റണ്‍സ് നേടാന്‍ സഞ്ജുവിന് വെറും 20 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാനെതിരെ സിക്‌സര്‍ നേടിയ സഞ്ജുവും അവസാന പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിക്കവെ പുറത്തായി. 22 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 57 റണ്‍സാണ് സഞ്ജു നേടിയത്.

സഞ്ജുവും അഭിഷേകും പുറത്തായതോടെ ക്രീസിലൊന്നിച്ച ഇഷാന്‍ കിഷന്‍ – ശ്രേയസ് അയ്യര്‍ സഖ്യം കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍, 11-ാം ഓവറില്‍ സിക്‌സര്‍ വഴങ്ങിയതിന് പിന്നാലെ ശ്രേയസിനെയും മടക്കിയയച്ച് റാഷിദ് ഖാന്‍ ഈ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. ഇഷാന്‍ കിഷന്‍ 38 റണ്‍സുമായും തിലക് വര്‍മ്മ 15 റണ്‍സുമായും പുറത്താകാതെ നിന്നതോടെ ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ ഇബ്രാഹിം സദ്രാന്‍ 37 റണ്‍സ് നേടി ടോപ് സ്‌കോറായി. റാഷിദ് ഖാന്‍ 28 റണ്‍സും ദര്‍വിഷ് റസൂലി 26 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി 3 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് 2ഉം ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ആദ്യ മത്സരവും ജയിച്ച ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.