മിഡില്‍ ഈസ്റ്റില്‍ യുദ്ധം വീണ്ടും രൂക്ഷമായേക്കും: ഇറാന്റെ 7 ദിവസത്തെ സമാധാന നിര്‍ദേശം ട്രംപ് തള്ളി
ന്യൂയോര്‍ക്ക്: ഹോര്‍മസ് കടലിടുക്ക് തുറക്കുന്നതിനും പശ്ചിമേഷ്യയില്‍ ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് ടെഹ്‌റാന്‍ ഈ നിര്‍ദേശം ഉന്നയിച്ചത്. ഖത്തറിലെ മധ്യസ്ഥര്‍ മുഖേന അമേരിക്കയ്ക്ക് കൈമാറിയ കരാറിന്മേല്‍ ഔദ്യോഗിക പ്രതികരണത്തിനായി ഇറാന്‍ കാത്തിരിക്കവെയാണ്, ട്രംപ് നിര്‍ദേശം നിരസിച്ചതായി ‘ദി വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തത്.
ഏഴ് മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനും ആഗോള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് പുനഃസ്ഥാപിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ഇറാന്റെ പദ്ധതി. എന്നാല്‍, റിപ്പോര്‍ട്ടിനെക്കുറിച്ച് ഉടനടി സ്ഥിരീകരണം നല്‍കാന്‍ റോയിട്ടേഴ്‌സിന് സാധിച്ചിട്ടില്ല. അമേരിക്ക കരാര്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായുള്ള ഏഴ് ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യുഎസ് കരാര്‍ അംഗീകരിക്കുന്നതോടെ ഏഴ് ദിവസത്തെ സമയം ആരംഭിക്കും.
ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കും.
ഏഴ് ദിവസത്തെ സമയപരിധി അവസാനിക്കുമ്പോള്‍ ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി പൂര്‍ണമായും തുറന്നുകൊടുക്കും.
ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള നാവിക ഉപരോധം അമേരിക്ക അവസാനിപ്പിക്കണം.
അമേരിക്ക മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക ഫണ്ടുകള്‍ വിട്ടുനല്‍കണം.
ഇറാനിയന്‍ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങളില്‍ യുഎസ് ഇളവ് അനുവദിക്കണം.
പരസ്പര സമ്മതത്തോടെയുള്ള വിഷയങ്ങളില്‍, പ്രത്യേകിച്ചും ഇറാന്റെ ആണവ പദ്ധതി ഉള്‍പ്പെടെയുള്ളവയില്‍ ഇരുരാജ്യങ്ങളും തുടര്‍ചര്‍ച്ചകള്‍ നടത്തും.
സമാധാന കരാര്‍ അമേരിക്ക അംഗീകരിച്ചാലും തങ്ങളുടെ ആണവ പദ്ധതിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിലോ, സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന കാര്യത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന് ഇറാന്‍ കടുപ്പിച്ചു. എന്നാല്‍ ഇറാന് ആണവായുധം നിര്‍മ്മിക്കാന്‍ ഒരിക്കലും അനുവാദം നല്‍കില്ലെന്നാണ് ട്രംപിന്റെ നിലപാട്.
അതേസമയം, ഇറാന്‍ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കില്ലെന്ന് കരുതുന്ന ട്രംപ് വീണ്ടും ബോംബാക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളോടെയാണ് ഏഴ് മാസം പിന്നിട്ട ഈ യുദ്ധത്തിന് തുടക്കമായത്.
യുദ്ധം ഇറാന്‍ അതിര്‍ത്തികള്‍ക്ക് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. യെമനിലെ ഹൂതികളും ഇറാഖിലെ ഇസ്ലാമിക് മിലിഷ്യകളും സൗദി അറേബ്യയുടെ എണ്ണ പ്ലാന്റുകളെയും പൈപ്പ്ലൈനുകളെയും ലക്ഷ്യമിട്ടു. ലെബനനില്‍ ഹിസ്ബുള്ളയും ഇസ്രായേല്‍ സേനയും തമ്മിലുള്ള പോരാട്ടവും രൂക്ഷമായി തുടരുകയാണ്.
അതേസമയം, റിയാദിനെ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകളും ഖമീസ് മുഷൈതിലേക്ക് എത്തിയ ബാലിസ്റ്റിക് മിസൈലും സൗദി സഖ്യസേന തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. യെമനില്‍ തുടരുന്ന അക്രമങ്ങള്‍ കാരണം കുട്ടികളില്‍ കടുത്ത പോഷകാഹാരക്കുറവ് വര്‍ധിക്കുന്നതായി യുണിസെഫ് മുന്നറിയിപ്പ് നല്‍കി.







