യുഎന്‍ പൊതുസഭയില്‍ ഭീഷണിയുമായി ട്രംപ്: ഇറാനോട് വഴങ്ങണമെന്ന് ആവര്‍ത്തിച്ച്
ഡല്‍ഹി: യുഎസുമായി ആണവ കരാറിലെത്താന്‍ വിസമ്മതിച്ചാല്‍ ഇറാനെ പൂര്‍ണ്ണമായി തുടച്ചുനീക്കും എന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഇറാനെതിരെ യുഎസ് നടത്തുന്ന സൈനിക നീക്കങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ അതിരൂക്ഷമായ പ്രസംഗം. ട്രംപ് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ ഇറാനിയന്‍ പ്രതിനിധി സംഘം പൊതുസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഒടുവില്‍ ഇറാന്‍ കരാറിന് വഴങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയേക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരേസമയം കടുത്ത സൈനിക നടപടിയും നയതന്ത്ര ചര്‍ച്ചകളും മുന്നോട്ട് കൊണ്ടുപോകുന്ന നേതാവായി സ്വയം പ്രതിഷ്ഠിക്കാനാണ് ട്രംപ് യുഎന്‍ വേദി ഉപയോഗപ്പെടുത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായി ഒരു സമാധാനക്കരാറിലെത്തണോ അതോ അവിടുത്തെ ഭരണസംവിധാനത്തെ പൂര്‍ണ്ണമായി തകര്‍ക്കണമോ എന്ന വലിയൊരു തീരുമാനത്തിന്റെ മുന്നിലാണ് താനെന്ന് ട്രംപ് പറഞ്ഞു. ‘കഴിഞ്ഞ കാലത്തേക്കാള്‍ മഹത്തായ ഒരു രാജ്യമായി പുനര്‍നിര്‍മ്മിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ ഇറാനുമായി ഒരു ധാരണയുണ്ടാക്കണോ? അതോ ഞാന്‍ ഈ ഇസ്ലാമിക് റിപ്പബ്ലിക്കിനെ നാമാവശേഷമാക്കണമോ? ഇനി ഒരിക്കലും മറ്റു രാജ്യങ്ങളെയും ജനങ്ങളെയും കൊന്നൊടുക്കാന്‍ സാധിക്കാത്ത വിധം ഉടനടി അവരെ തകര്‍ക്കണമോ?’ എന്ന് ട്രംപ് ചോദിച്ചു. ഭാവി തലമുറകള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലാത്ത വിധം അവരെ നരകത്തിലേക്ക് തള്ളിവിടണോ എന്നും ട്രംപ് ഭീഷണി മുഴക്കി.
ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു. തുടക്കത്തില്‍ വാഷിംഗ്ടണ്‍ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും ഒടുവില്‍ സൈനിക നടപടിയിലേക്ക് കടക്കുകയായിരുന്നുവെന്നും, യുദ്ധം വഴി ഇറാന്റെ ആണവ മോഹങ്ങളെ തടയാന്‍ കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. മറ്റ് ലോകനേതാക്കളില്‍ നിന്ന് വ്യത്യസ്തമായ ശൈലിയാണ് തന്റേതെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ട്രംപ്, ‘മറ്റുള്ളവര്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പ്രവര്‍ത്തിച്ചു. മറ്റുള്ളവര്‍ സമാധാനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ സമാധാനം കൊണ്ടുവന്നു. ഭീഷണികളെ മറ്റുള്ളവര്‍ അവഗണിച്ചപ്പോള്‍ ഞാന്‍ അവയെ നേരിട്ടു,’ എന്ന് അവകാശപ്പെട്ടു.
പശ്ചിമേഷ്യന്‍ മേഖലയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്ന ഇറാനെ മെരുക്കാന്‍ യുഎസ് സൈനിക നടപടികള്‍ക്ക് കഴിഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. അവര്‍ പശ്ചിമേഷ്യയെ ഭീഷണിപ്പെടുത്തുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ അങ്ങനെയല്ല. ഇറാന്‍ ഭീകരവാദത്തിന്റെ ഒന്നാം നമ്പര്‍ സ്‌പോണ്‍സറാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
തന്റെ നയതന്ത്ര നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി പാക്കിസ്ഥാന്‍, അസര്‍ബൈജാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ തന്നെ പ്രശംസിച്ച കാര്യങ്ങളും ട്രംപ് എടുത്തുപറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ പ്രശംസിച്ചതായും മൂന്ന് കോടിയിലധികം മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
2025 മെയ് മാസത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ താനാണെന്ന ട്രംപിന്റെ മുന്‍ വാദത്തെ പരാമര്‍ശിച്ചായിരുന്നു ഇത്. എന്നാല്‍, മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലില്ലാതെ ഇരുരാജ്യങ്ങളും തമ്മിലാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.








