ജര്മനിയില് ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികള്ക്ക് ദാരുണാന്ത്യം; അഞ്ചുപേര്ക്ക് പരുക്ക്, റൊമാനിയന് പൗരന് മനഃപൂര്വം തീയിട്ടെന്ന് സംശയം
ബെര്ലിന്: ജര്മനിയിലെ ബോഹും നഗരത്തില് അപ്പാര്ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില് മൂന്ന് മലയാളികള് മരിച്ചു. ഇടുക്കി സ്വദേശിനി നോവ സാബു, കൊല്ലം സ്വദേശിനി അഞ്ജലി എസ്. ജോയ്, കാലടി സ്വദേശി സിവിന് ജോണി എന്നിവരാണ് മരിച്ചത്. സംഭവത്തില് അഞ്ചുപേര്ക്ക് പരുക്കേറ്റു. കെട്ടിടത്തിന് മനഃപൂര്വം തീയിട്ടതാണെന്ന സംശയത്തില് അതേ കെട്ടിടത്തില് താമസിച്ചിരുന്ന 41കാരനായ റൊമാനിയന് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലെ യഥാര്ഥ കാരണം കണ്ടെത്താന് അന്വേഷണം തുടരുകയാണ്.
ജര്മനിയിലെ ബോഹും നഗരത്തിലെ പാര്പ്പിട മേഖലയിലുള്ള അപ്പാര്ട്ട്മെന്റില് ചൊവ്വാഴ്ച പുലര്ച്ചെ പ്രാദേശിക സമയം 4.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും അതിവേഗം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ രക്ഷാപ്രവര്ത്തനം ദുഷ്കരമായി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഫ്ലാറ്റില്നിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങള് അഗ്നിരക്ഷാസേന കണ്ടെത്തിയത്. പുക ശ്വസിച്ച് അവശനിലയിലായ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രികളില് പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചും ദേശീയതയെക്കുറിച്ചുമുള്ള കൂടുതല് വിവരങ്ങള് അധികൃതര് പുറത്തുവിട്ടിട്ടില്ല.
മരിച്ചവരില് മലയാളി യുവതികളും യുവാവും മരിച്ചവരില് ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാര് സ്വദേശിനി നോവ സാബുവും കൊല്ലം സ്വദേശിനി അഞ്ജലി എസ്. ജോയിയും കാലടി തോട്ടകം സ്വദേശി സിവിന് ജോണിയുമുണ്ട്. നോവ ആറുമാസം മുമ്പാണ് ജര്മനിയിലെത്തിയത്. കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസില് ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളാണ് അഞ്ജലി. ഈ വര്ഷം ജൂലൈയിലാണ് ജോലിക്കായി ജര്മനിയിലെത്തിയത്. ബി.എഡ്. ബിരുദധാരിയായ അഞ്ജലി അവിടെ സ്വകാര്യ കമ്പനിയുടെ വെയര്ഹൗസ് സര്വീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അശ്വനി എസ്. ജോയിയാണ് സഹോദരി. കാലടി തോട്ടകം സ്വദേശിയായ സിവിന് ജോണി രണ്ടാഴ്ച മുമ്പാണ് ജര്മനിയിലെത്തിയതെന്നാണ് റിപ്പോര്ട്ട്.
താമസക്കാര് തമ്മില് തര്ക്കം; പിന്നാലെ തീപിടിത്തം
തീപിടിത്തത്തിന് തലേദിവസം കെട്ടിടത്തിലെ താമസക്കാര് തമ്മില് തര്ക്കമുണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടര്ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല് അന്ന് ഔദ്യോഗികമായി പരാതി നല്കാന് താമസക്കാര് തയ്യാറായിരുന്നില്ലെന്നാണ് റിപ്പോര്ട്ടുകള്. പിന്നാലെയാണ് കെട്ടിടത്തില് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിന്നില് താമസക്കാര് തമ്മിലുണ്ടായ തര്ക്കത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കെട്ടിടത്തിലെ താമസക്കാരനായ 41കാരനായ റൊമാനിയന് പൗരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നിഗമനം
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും മനഃപൂര്വം തീയിട്ടതാണെന്ന സംശയത്തിലാണ് അന്വേഷണമെന്നും അന്വേഷണ ഉദ്യോഗസ്ഥര് വ്യക്തമാക്കിയതായി റിപ്പോര്ട്ടുകളുണ്ട്. എന്നാല് തീപിടിത്തത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഇതുവരെ പൂര്ണമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായ വ്യക്തിയുടെ പങ്കും സംഭവത്തിന് പിന്നിലെ ഉദ്ദേശ്യവും കണ്ടെത്താന് പോലീസ് അന്വേഷണം തുടരുകയാണ്. കനത്ത തീയും പുകയും കാരണം മുകളിലത്തെ നിലകളിലേക്ക് പ്രവേശിക്കാന് അഗ്നിരക്ഷാസേനയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് അധികൃതര് അറിയിച്ചത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് മുകളിലത്തെ ഫ്ലാറ്റില്നിന്ന് മൃതദേഹങ്ങള് കണ്ടെത്തിയത്. ജര്മനിയില് ജോലി ചെയ്തിരുന്ന മൂന്ന് മലയാളികളുടെ ജീവന് നഷ്ടമായ ദുരന്തത്തില് കൂടുതല് വിവരങ്ങള് പുറത്തുവരാനിരിക്കുകയാണ്. അറസ്റ്റിലായ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തീപിടിത്തത്തിന്റെ യഥാര്ഥ കാരണം കണ്ടെത്താനുള്ള പരിശോധനകളും കേസില് നിര്ണായകമാകും.








