സഹോദര ഭാര്യയുമായി അവിഹിതമില്ല എന്ന് തെളിയിക്കാന്‍ തീയിലൂടെ നടന്ന് യുവാവ് ; സംഭവം തെലുങ്കാനയില്‍ (video)

ഹൈന്ദവ പുരാണങ്ങളില്‍ ഉള്ള ഒന്നാണ് അഗ്‌നി പരീക്ഷ. തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍ തീയിലൂടെ നടക്കുക നൃത്തം ചെയ്യുക എന്നതായിരുന്നു അന്നത്തെ ആചാരം. അതൊക്കെ പണ്ടല്ലേ എന്നാണ് ചോദ്യം എങ്കില്‍ നമ്മുടെ ഇന്ത്യയില്‍ ഇപ്പോഴും ഇത്തരത്തിലുള്ള ആചാരങ്ങള്‍ നടന്നു വരികയാണ്. അതിനുള്ള തെളിവാണ് തെലുങ്കാനയില്‍ നിന്നും ഇപ്പോള്‍ പുറത്തു വന്നത്. തെലങ്കാനയിലെ മുലുഗുവില്‍ ഒരു യുവാവ് തന്റെ ഭാര്യയെ താന്‍ വഞ്ചിച്ചിട്ടില്ലെന്നും സഹോദരന്റെ ഭാര്യയുമായി തനിക്ക് അവിഹിത ബന്ധമില്ലെന്നും അവകാശപ്പെട്ട് സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി അഗ്‌നി ശുദ്ധി വരുത്തുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനായി അയാള്‍ തീക്കനല്‍ കൂട്ടിയിട്ടിരിക്കുന്നതിന് മുകളില്‍ നിന്നും ചുട്ടു പഴുത്ത ഒരു ഇരുമ്പ് ദണ്ഡ് എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്.

തെലങ്കാനയിലെ മുലുഗുവിലെ ബഞ്ചാരുപള്ളി ഗ്രാമത്തില്‍ നിന്നുള്ള ഗംഗാധര്‍ എന്നയാളാണ് സ്വന്തം ഭാര്യയെ വഞ്ചിച്ചെന്നും ജ്യേഷ്ഠന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നും ആരോപണം നേരിട്ടത്. ഈ ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതിനായിരുന്നു യുവാവ് പ്രാകൃതമായ ഈ ദുരാചാരം ചെയ്തത്. വീഡിയോയില്‍, ഗംഗാധര്‍ വിശാലമായ പാടത്തിന്റെ നടുക്ക് കുട്ടിയിട്ട തീക്കനലിന് ചുറ്റും കൈ കൂപ്പി വലം വയ്ക്കുന്നത് കാണാം. പിന്നീട് ഇയാള്‍ കുനിഞ്ഞ് നിന്ന് കനലിന് നടുവിലായി ചുട്ട് പഴുത്തിരിക്കുന്ന ഇരുമ്പ് വടി എടുത്ത് കളയുന്നു. പിന്നാലെ കൈപത്തി കക്ഷത്തില്‍ വച്ച് ഇയാള്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും ചുറ്റും കൂടിയിരുന്നവര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ നിന്ന് കേള്‍ക്കാം. മാര്‍ച്ച് ഒന്നിന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം 5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ഗംഗാധറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ബഞ്ചാരുപള്ളി ഗ്രാമവാസിയായ സഹോദരന്‍ സംശയിച്ചു. തുടര്‍ന്ന് ഈ കേസ് സമുദായത്തലവന്മാരുടെ അടുത്തെത്തി. നിരപരാധിത്വം തെളിയിക്കാന്‍ ഗംഗാധരന്‍ അഗ്‌നിപരീക്ഷ നടത്തണമെന്ന് സമുദായത്തലവന്മാര്‍ വിധിച്ചു. എന്നാല്‍, ഈ ദുരാചാരം ചെയ്ത ശേഷവും ഗംഗാധര്‍ നിരപരാധിയാണെന്ന് അംഗീകരിക്കാന്‍ ഗ്രാമമുഖ്യന്മാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ അയാളോട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന് ഗംഗാധറിന്റെ ഭാര്യ പോലീസിനെ സമീപിച്ചതോടെയാണ് ഈ പ്രാകൃത ദുരാചാരത്തിന്റെ വിവരം പുറം ലോകമറിയുന്നത്. കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി ഗംഗാധറിന് 11 ലക്ഷം രൂപ ഗ്രാമത്തലവന്മാര്‍ക്ക് നല്‍കേണ്ടിവന്നു. ഇതില്‍ ആറ് ലക്ഷം രൂപ ഇവര്‍ ചെലവഴിച്ചതായും വാര്‍ത്തകള്‍ ഉണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ചിലര്‍ ഇതിനെ ‘ആന മണ്ടത്തരം’ എന്ന് വിശേഷിപ്പിച്ചു. മറ്റ് ചിലര്‍ ‘ഇതാണ് ഇന്ത്യയിലെ സാക്ഷരതാ നിലവാരം’ എന്ന് കളിയാക്കി. മറ്റൊരാള്‍ ഈ ജില്ലകളില്‍ ധാരാളം ഗോത്രവര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സമുദായത്തലവന്മാരാണ് ഇവിടങ്ങളില്‍ ഭരണം നടത്തുന്നതെന്നും ഭരണഘടനാ നിയമസംവിധാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവുണ്ടെങ്കിലും അവര്‍ സമുദായത്തലവന്മാരുടെ പിടിയിലാണെന്നും കുറിച്ചു.