പതിനൊന്നു കുട്ടികളെ പ്രസവിച്ച ശേഷം വന്ധ്യംകരണം ചെയ്തു ; സ്ത്രീയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി

ഒഡിഷയിലെ ദിമിരിയ ഗ്രാമത്തില്‍ ആണ് മനസാക്ഷി ഇല്ലാത്ത ഈ സംഭവം അരങ്ങേറിയത്. പതിനൊന്നാമത്തെ പ്രസവത്തെ തുടര്‍ന്ന് വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി. 38 -കാരിയായ ജാനകി ദെഹൂരിയെയാണ് ഭര്‍ത്താവായ റാബി ദെഹൂരി വീട്ടില്‍ നിന്നും പുറത്താക്കിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് രണ്ട് ദിവസം പുറത്ത് മരച്ചുവട്ടില്‍ കഴിയേണ്ടി വന്നു. ഭുയന്‍ ഗോത്ര വിഭാഗത്തില്‍ പെടുന്നയാളാണ് ജാനകി. 17 വര്‍ഷം മുമ്പായിരുന്നു റാബിയുമായി ജാനകിയുടെ വിവാഹം. ശേഷം 11 കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കി. അതില്‍ ഒരു കുഞ്ഞ് മരിക്കുകയും ചെയ്തു.

10 കുട്ടികളില്‍, ഏകദേശം 17 വയസ്സുള്ള മൂത്ത മകളെ ഏറെ കാലമായി കാണാനില്ല, അതേസമയം പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കള്‍ ഒരു കടയിലും ഒരു ഡെക്കറേറ്റര്‍ ഔട്ട്ലെറ്റിലും ജോലി ചെയ്യുകയാണ്. അതിനിടെ, തുടരെത്തുടരെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വലിയ ഭീഷണിയാണ് എന്ന് പ്രദേശത്തെ ആരോ?ഗ്യവകുപ്പ് ഉദ്യോ?ഗസ്ഥര്‍ ഇവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, റാബി അതൊന്നും മനസിലാക്കിയില്ല. അതിനിടെ ഒരുമാസം മുമ്പ് ജാനകി ഒരു കുഞ്ഞിനെ പ്രസവിച്ചു. പ്രദേശത്തെ ആശാവര്‍ക്കര്‍ ഇതേ തുടര്‍ന്ന് വീട്ടിലെത്തി ജാനകിയെ വന്ധ്യംകരണം നടത്താന്‍ പ്രേരിപ്പിച്ചു. നേരത്തെയും വന്ധ്യംകരണം നടത്താന്‍ ജാനകിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഭര്‍ത്താവിനെ അവള്‍ക്ക് പേടിയായിരുന്നു. എന്നാല്‍, ഇത്തവണ അവള്‍ അതിന് തയ്യാറായി.

അങ്ങനെ, ഫെബ്രുവരി 14 -ന് ടെല്‍കൊയിലെ ഒരു ക്യാമ്പില്‍ വച്ച് ജാനകിക്ക് ശസ്ത്രക്രിയ നടത്തി. പക്ഷേ, ഇതറിഞ്ഞ ഭര്‍ത്താവ് അവരെ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വന്ധ്യംകരണം നടത്തിയതിനാല്‍ ഇനി ജാനകിക്ക് ദൈവത്തെ ആരാധിക്കാനുള്ള പവിത്രത ഇല്ല എന്നാണത്രെ ഇയാള്‍ വിശ്വസിച്ചത്. എന്നാല്‍, പ്രസവശേഷം തനിക്ക് വീട്ടിലെ പണികളും കൃഷിപ്പണികളും എല്ലാം ചെയ്യേണ്ടി വരുമായിരുന്നു എന്നും അതേ തുടര്‍ന്ന് തന്റെ ആരോഗ്യം വളരെ മോശം അവസ്ഥയിലാണ് എന്നും ജാനകി പറഞ്ഞു. എത്രയൊക്കെ ആരോഗ്യപ്രവര്‍ത്തകര്‍ റാബിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മൂന്ന് ചെറിയ കുഞ്ഞുങ്ങളെയും ജാനകിയേയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് മൗനം പാലിക്കുകയാണ് എന്നും ആരോപണം ഉണ്ട്.