നാലായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന്: മരണത്തോട് പൊരുതിയത് 10 നാള്‍ ഉയിര്‍പ്പ്

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ നാശം വിതച്ച് ഓഗസ്റ്റ് 26 നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ രണ്ടുപേരെകൂടി രക്ഷപെടുത്തി. പ്രളയമുണ്ടായി പത്തു ദിവസത്തിനു ശേഷം ശനിയാഴ്ച ത്രിശൂലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് രണ്ടു പേരെയും ജീവനോടെ രക്ഷിച്ചത്. നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് രണ്ടു ജീവനുകള്‍ക്കൂടി രക്ഷിക്കാനായത്.

അപ്പര്‍ ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിലേക്ക് 225 മീറ്ററോളം സാഹസികമായി കടന്നുചെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ചൈനീസ് പൗരനെ രക്ഷപ്പെടുത്തിയത്. മറ്റൊരു രക്ഷാപ്രവര്‍ത്തനത്തില്‍, പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ബെത്രാബതിയില്‍ വീടിന്റെ നാലാം നിലയില്‍ നിന്ന് ഒരു സ്ത്രീയെയും രക്ഷപ്പെടുത്തി. പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് വഴി കാഠ്മണ്ഡുവിലെത്തിച്ചു.

വെള്ളിയാഴ്ച അപ്പര്‍ ത്രിശൂലി 3എ ജലവൈദ്യുത നിലയത്തില്‍ നിന്ന് സഞ്ജയ് സാഹ്, കബീര്‍ മഹര്‍ജന്‍ എന്നീ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും രണ്ടുപേരെക്കൂടി രക്ഷപെടുത്തിയത്. തുരങ്കത്തിനുള്ളില്‍ 170 മീറ്റര്‍ ഉള്ളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും ജീവനോടെ പുറത്തെത്തിക്കാനായത് നേപ്പാളിലെ ജലവൈദ്യുത പദ്ധതി തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റു തൊഴിലാളികളെ ജീവനോടെ കണ്ടെത്താമെന്നുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വിവിധ ജലവൈദ്യുത പദ്ധതികളിലായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതില്‍ 500 ഓളം പേര്‍ ഭൂമിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫ് നേപ്പാള്‍ നല്‍കുന്ന വിവരമനുസരിച്ച് ത്രിശൂലി 3എ-യില്‍ മാത്രം 115 ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അപ്പര്‍ ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ശനിയാഴ്ച നടന്ന തിരച്ചിലുകള്‍ക്ക് കൊറിയയില്‍ നിന്നുള്ള ഒരു സംഘം സഹായം നല്‍കിയിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ഇതിനകം 68.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ നേപ്പാളിന് കൈമാറിയിട്ടുണ്ട്. കൂടാതെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സംഘത്തെയും ഉപകരണങ്ങളും ഇന്ത്യ അയച്ചിട്ടുണ്ട്. ഇന്ത്യ നല്‍കിയ അടിയന്തര സഹായങ്ങള്‍ക്ക് നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ ഈ ആഴ്ച ആദ്യം നന്ദി അറിയിച്ചിരുന്നു. റാസുവ ജില്ലയില്‍ മിന്നല്‍ പ്രളയം ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും നാലായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.