ഇന്ത്യയിലേക്കുള്ള വിസ: അപേക്ഷ ലളിതമാക്കി കേന്ദ്രം

വിദേശികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസാ സംവിധാനം കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായി കുറച്ചു. ഉപവിഭാഗങ്ങള്‍ 49ല്‍ നിന്ന് 23 ആക്കുകയും അപേക്ഷാ ഫോമുകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ 65 മുതല്‍ 70 ശതമാനം വരെ വെട്ടിക്കുറയ്ക്കുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതുക്കിയ വിസാ ചട്ടക്കൂട് പ്രകാരമുള്ള വിസ വിതരണം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പൗരന്മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിസാ സംവിധാനം കൂടുതല്‍ ലളിതവും വ്യക്തവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങളെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഓഗസ്റ്റ് 27നാണ് പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായും ഉപവിഭാഗങ്ങള്‍ 49ല്‍ നിന്ന് 23 ആയും കുറച്ചത്. ഇതിന് മുമ്പ് 2025 ഒക്ടോബറില്‍ നടന്ന പരിഷ്‌കരണത്തില്‍ പ്രധാന വിസാ വിഭാഗങ്ങള്‍ 22ല്‍ നിന്ന് 13 ആയും ഉപവിഭാഗങ്ങള്‍ 63ല്‍ നിന്ന് 49 ആയും കുറച്ചിരുന്നു.

ഇന്ത്യന്‍ വിസാ സംവിധാനം ലളിതമാക്കുന്നതിന്റെ ഭാഗമായി വികസിത രാജ്യങ്ങളിലെ വിസാ സംവിധാനങ്ങളും ആഗോള മാനദണ്ഡങ്ങളും സര്‍ക്കാര്‍ പഠിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സമാന ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഒരേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിദേശികള്‍ക്ക് അനുയോജ്യമായ വിസാ വിഭാഗം കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമാകുമെന്നും നിയമാനുസൃത വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ 13 ഉപവിഭാഗങ്ങളിലായി 172 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസാ സൗകര്യം ലഭ്യമാണ്. നിലവിലുണ്ടായിരുന്ന ടൂറിസ്റ്റ് വിസയ്ക്ക് ഇനി വിസിറ്റര്‍ വിസ എന്ന പേരായിരിക്കും. ഇത് വി-1, വി-2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിന് പുറമെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാനാകും.

വി-1 വിസയില്‍ അര്‍ഹരായവര്‍ക്ക് 30 ദിവസത്തിനുള്ളില്‍ ഒന്നിലധികം തവണ ഇന്ത്യയില്‍ പ്രവേശിക്കാം. ബിസിനസ് യോഗങ്ങള്‍, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, വെല്‍നസ് റിട്രീറ്റുകള്‍, ഹ്രസ്വകാല ചികിത്സ, ഇന്ത്യന്‍ ഭാഷകള്‍, സംഗീതം, കല, കരകൗശല മേഖലകളിലെ ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവയ്ക്കായി ഈ വിസ ഉപയോഗിക്കാം.

വി-2 വിസയ്ക്ക് നിശ്ചയിക്കുന്ന പ്രകാരം ഒന്ന്, അഞ്ച് അല്ലെങ്കില്‍ പത്ത് വര്‍ഷം വരെ കാലാവധിയുണ്ടാകും. പര്‍വതാരോഹണത്തിനായി എത്തുന്നവര്‍ക്ക് ആറ് മാസത്തെ ഒന്നിലധികം പ്രവേശനത്തിനുള്ള വിസ നല്‍കും.

പുതുക്കിയ മെഡിക്കല്‍ വിസാ സംവിധാനപ്രകാരം ആയുഷ് ചികിത്സയ്ക്ക് പുറത്തുള്ള ചികിത്സകള്‍ക്കായി എം-1 വിസയും, ആയുഷ് ചികിത്സയ്ക്കായി എം-3 വിസയും നല്‍കും. ഇലക്ട്രോണിക് വിസ ഉള്‍പ്പെടെ ഇവയ്ക്ക് സാധാരണയായി ഒരു വര്‍ഷത്തെ കാലാവധിയും ഒന്നിലധികം പ്രവേശനത്തിനുള്ള സൗകര്യവുമുണ്ടാകും. രോഗികള്‍ക്കൊപ്പമുള്ള സഹായികള്‍ക്ക് യഥാക്രമം എം-2, എം-4 വിസകള്‍ ലഭിക്കും.

വിദ്യാര്‍ത്ഥി വിസകള്‍ എസ്-1, എസ്-2 വിഭാഗങ്ങളായി ഏകീകരിച്ചു. സ്‌കൂള്‍, ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കാണ് എസ്-1 വിസ. ഗവേഷണം, പിഎച്ച്ഡി, വിസിറ്റിങ് ഫാക്കല്‍റ്റി നിയമനം, ഇന്റേണ്‍ഷിപ്പ്, വിദ്യാര്‍ത്ഥി എക്‌സ്‌ചേഞ്ച് തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ്-2 വിസ.

‘സ്റ്റഡി ഇന്‍ ഇന്ത്യ’ പോര്‍ട്ടല്‍ വഴി പ്രവേശനം നേടിയ അര്‍ഹരായ വിദേശ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെയോ അല്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതുവരെയോ – ഇതില്‍ ഏതാണോ കുറഞ്ഞത് – ഒന്നിലധികം പ്രവേശനത്തിനുള്ള ഇ-എസ്1 വിസ ലഭിക്കും.

ബിസിനസ് വിസകളെ ബി-1, ബി-2 വിഭാഗങ്ങളായി പുനഃക്രമീകരിച്ചു. വ്യവസായമോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല, ലൈസന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബി-1 വിസ. ഉല്‍പ്പാദന നിക്ഷേപം, സമ്മേളനങ്ങള്‍, കായികം, കലാപ്രകടനങ്ങള്‍, സിനിമ തുടങ്ങിയ ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബി-2 വിസ.

ഇന്ത്യന്‍ കമ്പനികളുടെ പ്രത്യേക പദ്ധതികള്‍ക്കായി എത്തുന്ന വിദേശ വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ക്ക് ബി-2 വിഭാഗത്തില്‍ ഇ-വിസാ പ്ലാറ്റ്‌ഫോം വഴി പ്രൊഡക്ഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബിസിനസ് വിസ ലഭ്യമാക്കും.

ഇന്‍സ്റ്റലേഷന്‍, കമ്മീഷനിങ്, അറ്റകുറ്റപ്പണി, പരിശീലനം, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സൗകര്യം. നിലവിലുണ്ടായിരുന്ന ഇ-ബി4 എന്ന വിഭാഗത്തിന് പകരമായാണ് പുതിയ സംവിധാനം. എല്ലാ 23 ഉപവിഭാഗങ്ങളിലെയും അപേക്ഷാ ഫോമുകള്‍ ആവശ്യമായ വിവരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ ചുരുക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.