കശ്മീരില്‍ വലവിരിച്ച് സേന; 500-ലധികം യുവാക്കള്‍ കസ്റ്റഡിയില്‍

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ തെരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അഞ്ഞൂറിലധികം യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഈ ആഴ്ച ആദ്യമുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് വ്യാപക പരിശോധന.

കശ്മീര്‍ താഴ്വരയില്‍ സജീവമായി അവശേഷിക്കുന്ന ഏക പ്രാദേശിക ഭീകരനായ ലത്തീഫ് അഹമ്മദ് ഭട്ട് വീണ്ടും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇയാള്‍ വിദേശ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരസംഘത്തോടൊപ്പം ചേര്‍ന്നോ അതോ പ്രാദേശിക യുവാക്കളെ ഉള്‍പ്പെടുത്തി പുതിയൊരു ഭീകരശൃംഖല രൂപീകരിച്ചോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തെക്കന്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച് കുല്‍ഗാമില്‍ നിന്നുമാണ് അഞ്ഞൂറിലധികം യുവാക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഭൂരിഭാഗം പേരെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായും ചിലര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

‘കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗം പേരും മുന്‍കാലങ്ങളില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയതിന്റെ പേരില്‍ പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്നവരാണ്. ബുധനാഴ്ചയുണ്ടായ ആക്രമണത്തെക്കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ വിളിച്ചുവരുത്തിയത്. ഭൂരിഭാഗം പേരെയും വിട്ടയച്ചിട്ടുണ്ട്,’ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ബുധനാഴ്ച തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുള്ള അഖ്‌റാന് സമീപത്തെ സുരക്ഷാ ചെക്ക്പോസ്റ്റിന് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് അര്‍ദ്ധസൈനികര്‍ക്ക് പരിക്കേറ്റത്. വേഷോ ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പട്ടണത്തിലുള്ളപ്പോഴായിരുന്നു ആക്രമണം.

കുല്‍ഗാമിലെ ഖ്രേവാന്‍ ചദ്ദര്‍ സ്വദേശിയായ ലത്തീഫ് അഹമ്മദ് ഭട്ട് മാത്രമാണ് നിലവില്‍ സുരക്ഷാ ഏജന്‍സികളുടെ പട്ടികയിലുള്ള ഏക സജീവ ഭീകരന്‍. അതിനാല്‍ ബുധനാഴ്ചത്തെ ആക്രമണത്തിന് പിന്നില്‍ ഇയാളാണെന്നാണ് പോലീസ് സംശയിക്കുന്നത്. തെക്കന്‍ കശ്മീരിനെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന പിര്‍ പഞ്ചാല്‍ മലനിരകളില്‍ സജീവമായ ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം ഭട്ട് ചേര്‍ന്നിട്ടുണ്ടോ അതോ പ്രാദേശികമായി പുതിയ ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

‘മലമുകളിലെ അതിശൈത്യം കാരണം ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സമയമാണിത്. അവര്‍ ഇയാളോടൊപ്പം ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പുതിയ ആളുകള്‍ ഇയാള്‍ക്കൊപ്പം ചേര്‍ന്നുവെന്ന സാധ്യതയും തള്ളിക്കളയാനാവില്ല,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ കൂട്ടാളിയായ സാക്കിര്‍ ഗനായ് കൊല്ലപ്പെട്ടത് മുതല്‍ ഭട്ട് പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഷോപിയാനിലെ ഗ്രാമം സംയുക്ത സേന വളഞ്ഞെങ്കിലും ഭട്ട് രക്ഷപ്പെടുകയായിരുന്നു. ഭട്ടിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട് ചെയ്ത സാക്കിര്‍ ഗനായ് അന്ന് കൊല്ലപ്പെട്ടു.

ജൂലൈ 21-ന് തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് പട്ടണത്തില്‍ ജമ്മു കശ്മീര്‍ പോലീസിന്റെ ഭീകരവിരുദ്ധ സേനയായ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ ഒരു കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടിരുന്നു. പോലീസുകാരന് നേരെ ഭീകരന്‍ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ഭട്ട് ആണെന്നാണ് പോലീസ് പറയുന്നത്. ഒന്‍പത് ദിവസത്തിന് ശേഷം കുല്‍ഗാമിലെ കില്ലം ഗ്രാമത്തില്‍ രണ്ട് ഇഷ്ടികച്ചൂള തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഇയാളാണെന്ന് പോലീസ് ആരോപിച്ചിരുന്നു.

ഓഗസ്റ്റ് 7-ന് ഭട്ടിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് പോലീസ് തെക്കന്‍ കശ്മീരില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. 22-കാരനായ ഇയാള്‍ മാത്രമാണ് താഴ്വരയില്‍ ജീവനോടെയുള്ള ഏക ഭീകരനെന്ന് പോലീസ് പറയുന്നു. സംയുക്ത സേന കുല്‍ഗാമില്‍ തിരച്ചില്‍ ശക്തമാക്കുകയും തെക്കന്‍ കശ്മീരിലുടനീളം വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.