ഓസ്ട്രിയയില്‍ ആശങ്ക വര്‍ധിപ്പിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ എലിവിഷം
വിയന്ന: ഓസ്ട്രിയയില്‍ പ്രസിദ്ധ ബ്രാന്‍ഡായ ഹിപ്പിന്റെ കുഞ്ഞുങ്ങളുടെ ഭക്ഷണജാറില്‍ എലിവിഷം കണ്ടെത്തിയ സംഭവം വ്യാപക ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ‘കാരറ്റ് ആന്‍ഡ് പൊട്ടറ്റോ’ എന്ന ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത്. ഭക്ഷണത്തില്‍ അസ്വാഭാവികത കണ്ട ഒരു രക്ഷിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തായത്. അജ്ഞാത സംഘം ജാറുകളില്‍ വിഷം കലര്‍ത്തിയ വിവരം ജര്‍മ്മന്‍ ഇന്റലിജന്‍സ് ഓസ്ട്രിയന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
എത്ര ജാറുകളില്‍ വിഷം ചേര്‍ത്തിട്ടുണ്ടെന്ന കൃത്യവിവരം ലഭ്യമല്ലാത്തതിനാല്‍, ഓസ്ട്രിയയിലെ സ്പാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വഴി വിതരണം ചെയ്ത എല്ലാ ഹിപ്പ് ബ്രാന്‍ഡ് ബേബി ഫുഡ് ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിച്ചു. ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ഹംഗറി, ക്രൊയേഷ്യ, വടക്കന്‍ ഇറ്റലി എന്നിവിടങ്ങളിലെ സ്പാര്‍ കടകളില്‍ നിന്നും ഈ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു. ചെക്ക് റിപ്പബ്ലിക്കിലും സ്ലോവാക്യയിലും വിഷം കലര്‍ന്ന ജാറുകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവന്ന ശേഷം വിതരണശാലകളിലോ കടകളിലോ വച്ചാണ് ക്രിമിനല്‍ സംഘം വിഷം കലര്‍ത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിഷം ചേര്‍ത്ത ജാറുകളുടെ അടിയില്‍ ചുവന്ന വൃത്തമുള്ള വെള്ള സ്റ്റിക്കറും ഇവര്‍ പതിച്ചിട്ടുണ്ട്. കമ്പനിയെയോ കടകളെയോ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സംശയിക്കുന്നത്. സംഘത്തിനായുള്ള അന്വേഷണം ഓസ്ട്രിയന്‍, ജര്‍മ്മന്‍ പോലീസ് ആരംഭിച്ചു.
ഈ ജാറുകള്‍ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ അവ ഉപയോഗിക്കരുതെന്നും കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുവരെ അപകടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും, വിഷം കലര്‍ന്ന ഒരു ജാര്‍ ഇതിനകം വിറ്റുപോയിട്ടുണ്ടാകാമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.









