അര്‍ജന്റീനയുടെ മുന്നില്‍ ഓസ്ട്രിയ വീണു; ഗ്രൂപ്പ് ജെയില്‍ രണ്ടാം സ്ഥാനത്തേക്ക്
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ ഇന്ന് നടന്ന ഹൈവോള്‍ട്ടേജ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഓസ്ട്രിയയെ പരാജയപ്പെടുത്തി. മെസ്സിയുടെയും കൂട്ടരുടെയും മികച്ച പ്രകടനത്തില്‍ ഓസ്ട്രിയന്‍ പ്രതിരോധം തകര്‍ന്നു വീണതോടെ, അര്‍ജന്റീന 2-0 എന്ന സ്‌കോറിലാണ് വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അര്‍ജന്റീന മത്സരം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ അര്‍ജന്റീന നോക്കൗട്ട് ഉറപ്പിച്ചു.
ഇതോടെ ഓസ്ട്രിയ ഗ്രൂപ്പ് ജെയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജോര്‍ദാനെതിരായ ആദ്യ ജയത്തിന്റെ ആവേശത്തിലായിരുന്ന ആരാധകര്‍ക്ക് ഇത് വന്‍ നിരാശയാണ് സമ്മാനിച്ചത്.
മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്. എട്ടാം മിനിറ്റില്‍ പന്തുമായി മുന്നേറിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൗതാരോ മാര്‍ട്ടിനസിനെ ബോക്‌സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചു. വാര്‍ പരിശോധനയ്‌ക്കോടുവിലാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് ലക്ഷ്യം തെറ്റി.
തുടര്‍ന്ന് ഓസ്ട്രിയയുടെ മുന്നേറ്റമാണ് കുറച്ച് സമയം കണ്ടത്. അവസരം കിട്ടുന്‌പോള്‍ കൗണ്ടര്‍ അറ്റാക്കുകളുമായി ലോകചാന്പ്യന്‍മാരും മുന്നേറി. ഒടുവില്‍ 38-ാം മിനിറ്റിലെ ഗോളിലൂടെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് ലീഡ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന അര്‍ജന്റീനയെ ആണ് ആദ്യ പകുതി അവസാനിക്കും വരെ കണ്ടത്. ആദ്യ പകുതി 1-0 ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന ഓസ്ട്രിയയെ ആണ് കാണാന്‍ സാധിച്ചത്. നിരവധി അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചു. പലതവണ അവര്‍ ഗോളിനടുത്തെത്തി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീനയുടെ ലീഡ് മെസ്സി ഇരട്ടിയാക്കി. ഇതിലൂടെ ഫിഫ ലോകകപ്പുകളിലെ ടോപ്‌സ്‌കോറര്‍ എന്ന റിക്കാര്‍ഡും മെസി സ്വന്തമാക്കി.
ജൂണ്‍ 27-ന് അള്‍ജീരിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ചാല്‍ നോക്കൗട്ടിലേക്ക് കടക്കാനുള്ള സാധ്യത ഓസ്ട്രിയയ്ക്ക് നിലനില്‍ക്കും. റാല്‍ഫ് റാങ് നിക്കിന്റെ ടീം ആ മത്സരത്തില്‍ എല്ലാം പണയം വെച്ച് പോരാടും എന്നാണ് പ്രതീക്ഷ.









