‘താന്ത്രിക് സെക്സ് കോച്ച്, നായകളോട് ‘സംസാരിക്കും’; അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയര്‍ മിലെ

അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും സ്വാതന്ത്ര്യ വാദിയുമായ ജാവിയര്‍ മിലെ. എന്നാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള വിചിത്രമായ ചില കാര്യങ്ങളാണ് മിലേയെ ആളുകള്‍ക്കിടയില്‍ ശ്രദ്ധേയനാക്കുന്നത്. താന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തന്റെ നായകളോടാണെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ഒരു താന്ത്രിക് സെക്‌സ് കോച്ച് കൂടിയാണ് ജാവിയര്‍ മിലെ. കൂടാതെ ചത്ത നായകളുടെ ആത്മാക്കളുമായി താന്‍ ആശയവിനിമയം നടത്താറുണ്ട് എന്നും അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള വിചിത്രമായ ചിന്താഗതിയും വെളിപ്പെടുത്തലും ചില ആളുകള്‍ക്കിടയില്‍ ‘ ഭ്രാന്തന്‍ ‘ എന്ന വിളിപ്പേരും അദ്ദേഹത്തിന് നല്‍കാറുണ്ട്. എങ്കിലും ഇത്തവണ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വോട്ട് നേടിയാണ് ജാവിയര്‍ മിലെ അര്‍ജന്റീനയുടെ പ്രസിഡന്റായത്. കൂടാതെ സര്‍ക്കാറിന്റെ പൊതു ചെലവ് വെട്ടി കുറയ്ക്കണം എന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയതും വളരെ വിചിത്രമായാണ് . ഒരു ചെയിന്‍സോ മെഷീന്‍ ഉപയോഗിച്ചാണ് ഈ ആവശ്യമുന്നയിച്ച് അദ്ദേഹം പൊതു റാലികളില്‍ പ്രത്യക്ഷപ്പെട്ടത്.

അഴിമതിക്കും രാജ്യത്തെ വീര്‍പ്പുമുട്ടുന്ന ബ്യൂറോക്രസിക്കും എതിരെ ചെയിന്‍സോ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ അദ്ദേഹത്തിന് കൃത്യമായ വീക്ഷണങ്ങള്‍ ഉണ്ട്. അര്‍ജന്റീനയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെന്നും അതിനാല്‍ നോട്ടുകള്‍ അച്ചടിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാരണം പ്രസിഡന്റ് എന്ന നിലയില്‍ തന്റെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കുക എന്നത് മിലേയ്ക്ക് ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സര്‍ക്കാറിന് കീഴില്‍ വനിതാ ക്ഷേമം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ ചില മന്ത്രാലയങ്ങള്‍ എടുത്തു മാറ്റാനും മിലെ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം. കൂടാതെ അര്‍ജന്റീനയുടെ നിലവിലെ കറന്‍സിയായ പെസോ ഒഴിവാക്കി ഡോളറാക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. അതേസമയം ഏകദേശം 56 ശതമാനം വോട്ട് നേടിയാണ് മിലേ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടത് സാമ്പത്തിക മന്ത്രി സെര്‍ജിയോ മാസ്സയെ തോല്‍പ്പിച്ചത്. 44 ശതമാനം വോട്ടാണ് സെര്‍ജിയോ മാസ്സ നേടിയത്. അടുത്തമാസം ആണ് മിലെ പ്രസിഡന്റായി അധികാരം ഏറ്റെടുക്കുക. സര്‍ക്കാരിലെ അഴിമതി ഇല്ലാതാക്കുമെന്നും രാജ്യത്തെ ഒരു ആഗോള ശക്തിയാക്കി മാറ്റുമെന്നും തന്റെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം അദ്ദേഹം പ്രതിജ്ഞ ചെയ്തു.