യുഎസ്എഫിലെ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുടെ കൊലപാതകം: റൂംമേറ്റ് അറസ്റ്റില്‍
പി പി ചെറിയാന്‍
ഫ്‌ലോറിഡ:അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ (USF) രണ്ട് പിഎച്ച്.ഡി വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ റൂംമേറ്റായ ഹിഷാം അബുഗര്‍ബിയയെ (26) പോലീസ് അറസ്റ്റ് ചെയ്തു.
ഭൂമിശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥിയായ സമീല്‍ ലിമോണ്‍, കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി നഹിദ ബ്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.
കാണാതായ സമീല്‍ ലിമോണിന്റെ മൃതദേഹം വെള്ളിയാഴ്ച ടാമ്പയിലെ ഹോവാര്‍ഡ് ഫ്രാങ്ക്‌ലാന്‍ഡ് പാലത്തിന് സമീപം കണ്ടെത്തി. നഹിദ ബ്രിസ്റ്റിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏപ്രില്‍ 16 മുതലാണ് ഇവരെ കാണാതായത്.
അറസ്റ്റ്: പ്രതിയായ ഹിഷാം അബുഗര്‍ബിയയെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പിടികൂടിയത്. ഇയാള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയോ ജീവനക്കാരോ അല്ല.
കൊലപാതകം, മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ ഇയാള്‍ക്ക് ജാമ്യമില്ല.
വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സര്‍വകലാശാല അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.



