ഈജിപ്തില്‍ പാമ്പ് പിടുത്തക്കാരന്റെ പ്രദര്‍ശനത്തിനിടെ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു
പി പി ചെറിയാന്‍
ഹുര്‍ഘദ: ഈജിപ്തിലെ ഹുര്‍ഘദയില്‍ വെച്ച് നടന്ന ഒരു പാമ്പ് പ്രദര്‍ശനത്തിനിടെ 57 വയസ്സുകാരനായ ജര്‍മ്മന്‍ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു. പാമ്പ് പിടുത്തക്കാരന്‍ മൂര്‍ഖന്‍ പാമ്പിനെ ടൂറിസ്റ്റിന്റെ പാന്റിനുള്ളിലേക്ക് കടത്തിവിട്ടതാണ് അപകടത്തിന് കാരണമായത്.
ഏപ്രില്‍ ആദ്യവാരം ഒരു ഹോട്ടലില്‍ വെച്ച് നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം. ജര്‍മ്മനിയിലെ ബവേറിയയില്‍ നിന്നുള്ള 57 വയസ്സുകാരന്‍. അദ്ദേഹം കുടുംബത്തോടൊപ്പമാണ് വിനോദയാത്രയ്ക്ക് എത്തിയത്.
പ്രദര്‍ശനത്തിന്റെ ഭാഗമായി പാമ്പ് പിടുത്തക്കാരന്‍ ടൂറിസ്റ്റിന്റെ കാലിലൂടെ പാമ്പിനെ പാന്റിനുള്ളിലേക്ക് ഇഴഞ്ഞു കയറാന്‍ അനുവദിച്ചു. ഇതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു.
കടിയേറ്റ ഉടനെ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജര്‍മ്മനിയിലെ മെമിംഗന്‍ പോലീസ് ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ ടോക്‌സിക്കോളജി പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അധികൃതര്‍. ഹുര്‍ഘദയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്‍പും സ്രാവുകളുടെ ആക്രമണവും സബ്മറൈന്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.





