ഇന്ത്യ- ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ഡല്‍ഹി: വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഏപ്രില്‍ 27-ന് ഒപ്പുവെക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലാന്‍ഡ് വ്യാപാര-നിക്ഷേപ മന്ത്രി ടോഡ് മക്ലേയും ചേര്‍ന്ന് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെച്ചാകും കരാറില്‍ ഒപ്പുവെക്കുക.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുക, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലാന്‍ഡില്‍ നിന്ന് 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക, ഇന്ത്യന്‍ കമ്പനികള്‍ക്ക് ന്യൂസിലാന്‍ഡ് വിപണിയിലേക്ക്വയാണ് നികുതിരഹിത പ്രവേശനം ഉറപ്പാക്കുക തുടങ്ങിയവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

തൊട്ടതെല്ലാം പൊന്നാക്കുന്ന പഞ്ചാബ്; പതറുന്ന ഡല്‍ഹി; സാധ്യതാ ഇലവന്‍
കരാര്‍ സാധ്യമാകുന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ന്യൂസിലാന്‍ഡ് വിപണിയില്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. കൂടാതെ, ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്നതിനായി പ്രതിവര്‍ഷം 5,000 താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കും. ഐടി, എന്‍ജിനീയറിങ്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, നിര്‍മ്മാണ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കും യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്കും ഇത് ഗുണകരമാകും.

ഇന്ത്യയിലെ കര്‍ഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി, പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയമായി സെന്‍സിറ്റീവായ മേഖലകളില്‍ ഇന്ത്യ ഒരു നികുതി ഇളവും നല്‍കുന്നില്ല. കൂടാതെ ഉള്ളി, പഞ്ചസാര, ധാന്യങ്ങള്‍, ചില പച്ചക്കറികള്‍ എന്നിവയും ഈ കരാറിന്റെ പരിധിയില്‍ വരില്ല.

ന്യൂസിലാന്‍ഡ് അവരുടെ ഉല്‍പ്പന്നങ്ങളായ കമ്പിളി, കല്‍ക്കരി, തടി, ചില പഴങ്ങള്‍ (കിവിഫ്രൂട്ട്, ആപ്പിള്‍) എന്നിവയ്ക്ക് ഇന്ത്യയില്‍ നികുതി ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കാര്‍ഷിക-സാങ്കേതിക സഹകരണത്തിനായി പ്രത്യേക അഗ്രി ടെക്‌നോളജി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാനും കരാറിലൂടെ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.