ഇന്ത്യയിലെ ജിമ്മില്‍ ജന്മദിനാഘോഷം; കേക്ക് മുഖത്തു തേച്ചതിനെച്ചൊല്ലി സംഘര്‍ഷം: മൂന്ന് മരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ജിമ്മില്‍ നടന്ന ജന്മദിനാഘോഷം കലാശിച്ചത് ക്രൂര കൊലപാതകത്തില്‍. കേക്ക് മുഖത്തു തേച്ചതിനെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം വെടിവെപ്പിലും മൂന്ന് യുവാക്കളുടെ മരണത്തിലുമാണ് അവസാനിച്ചത്.
ശനിയാഴ്ച രാത്രി സുഭാഷ് റോഡിലെ ജിമ്മിലായിരുന്നു സംഭവം. ജിം ട്രെയിനറായ ജീതുവിന്റെ ജന്മദിന ആഘോഷത്തിനിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ആഘോഷത്തിനിടെ കേക്ക് മുഖത്തു തേച്ചതിനെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ഉണ്ടാവുകയും നിമിഷങ്ങള്‍ക്കകം അക്രമാസക്തമാവുകയുമായിരുന്നു. തര്‍ക്കത്തിനിടെ ട്രെയിനറും കൂട്ടാളികളും ചേര്‍ന്ന് മറ്റൊരു സംഘം യുവാക്കള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അമര്‍ സെയ്‌നി (26), മനീഷ് സെയ്‌നി (23), ആകാശ് സെയ്‌നി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരും ജിമ്മിലെ സ്ഥിരം അംഗങ്ങളുമാണ്. ഇവര്‍ അവിവാഹിതരായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജിമ്മിന്റെ തറയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്. തലയ്ക്കാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ നാലുപേരെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ പരസ്പരം അറിയാവുന്നവരാണെന്നും, പ്രദേശത്തെ ആധിപത്യം സ്ഥാപിക്കാനുള്ള തര്‍ക്കവും ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കുന്നതായും ബുലന്ദ്ഷഹര്‍ എസ്.പി അന്തരീക്ഷ് ജെയിന്‍ അറിയിച്ചു. ഖുര്‍ജ പൊലീസ് സ്റ്റേഷനില്‍ 10 പേര്‍ക്കെതിരെ കൊലക്കുറ്റം, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.



