വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരി. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും ഇടവക ദിനവും
വിയന്ന: സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരി ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും ഇടവക ദിനവും 2026 നവംബര്‍ 21, 22 തീയതികളില്‍ (ശനി, ഞായര്‍) വിപുലമായ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കും. വിയന്നയിലെ ലൈന്‍സര്‍സ്ട്രാസെയിലാണ് (Lainzerstraße 154a, 1130 Vienna) തിരുനാള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നവംബര്‍ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊടി ഉയര്‍ത്തലോടെ ഇടവക ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന നടക്കും. തുടര്‍ന്ന് 6:45-ന് ഫാ. അലന്‍ സാബു പെരുന്നാള്‍ സന്ദേശം നല്‍കും. രാത്രി 7 മണിക്ക് പ്രദക്ഷിണവും, 7:30-ന് മധ്യസ്ഥ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടക്കും. രാത്രി 8 മണിക്ക് നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും.
നവംബര്‍ 22 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ 9:45-ന് വന്ദ്യ ജോസഫ് റമ്പാന്‍, ഫാ. അലന്‍ സാബു, ഫാ. പോള്‍ പി ജോര്‍ജ്ജ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 11 മണിക്ക് മധ്യസ്ഥ പ്രാര്‍ത്ഥനയും 11:30-ന് പെരുന്നാള്‍ സന്ദേശവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ആശീര്‍വാദം ലഭിച്ച ശേഷം 12:30-ന് നേര്‍ച്ച ഭക്ഷണവും, 1:30-ന് കൊടി താഴ്ത്തലും നടക്കും.
പെരുന്നാള്‍ കമ്മിറ്റിക്ക് വേണ്ടി ഓസേഫ് പടിക്കകുടി (പ്രസിഡന്റ്), ജോണ്‍സണ്‍ ചേലപ്പുറത്ത് (സെക്രട്ടറി), സുനില്‍ കോര (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. പെരുന്നാള്‍ ശുശ്രൂഷകളിലേക്ക് ഏവരെയും വികാരി ജോഷ്വ റമ്പാന്‍ ക്ഷണിച്ചു.









