സൂപ്പര്‍ ബൈക്ക് 300 കിമി വേഗത്തില്‍ പായിക്കാന്‍ ശ്രമിക്കുന്നതിനിടെ യൂടൂബര്‍ അഗസ്ത്യ ചൗഹാന്‍ അപകടത്തില്‍ മരിച്ചു

ഡെറാഡൂണ്‍: സൂപ്പര്‍ ബൈക്കില്‍ 300 കി.മീ. വേഗമെടുത്തത് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യൂടൂബര്‍ അഗസ്ത്യ ചൗഹാന്‍ മരിച്ചു. യമുനാ എക്സ്പ്രസ് ഹൈവേയില്‍, ആഗ്രയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യൂട്യൂബില്‍ പ്രൊ റൈഡര്‍ 1000 എന്ന പേരില്‍ ചാനല്‍ നടത്തുന്ന അഗസ്ത്യ ചൗഹാനെ 12 ലക്ഷം പേരാണ് പിന്തുടരുന്നത്.

യമുന എക്സ്പ്രസ് ഹൈവേയിലെ വേഗപ്പാച്ചിലിനിടെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം ധരിച്ചിരുന്ന ക്യാമറയുള്ള ഹെല്‍മറ്റ് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഒടുവില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ എങ്ങനെ ബൈക്കില്‍ വേഗതയില്‍ ഡല്‍ഹിയില്‍ എത്താം എന്നതാണ് അപ്ലോഡ് ചെയ്തിരുന്നത്. താന്‍ 300 കി.മീ. വേഗമെടുമെന്നും, പറ്റിയാല്‍ അതിനുമപ്പുറം വേഗതയില്‍ പോകുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

പൊതുമധ്യത്തില്‍ ജനങ്ങള്‍ക്ക് അപകടകരമായ രീതില്‍ ബൈക്കോടിക്കുന്നെന്ന് ഡെറാഡൂണ്‍ ട്രാഫിക്ക് പൊലീസ് കണ്ടെത്തിയ 12 പേരില്‍ ഒരാളായിരുന്നു അഗസ്ത്യ ചൗഹാന്‍. ഇയാളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത്തരത്തില്‍ അപകടകരമായ വേഗതയില്‍ ബൈക്ക് ഓടിക്കരുതെന്ന കമന്റുകളും നിറയുന്നുണ്ട്.