അപകടത്തിന് മുന്‍പ് സിസ്റ്റര്‍ സൗമ്യ പരാതി നല്‍കിയ അതേസ്ഥലത്ത് അപകടത്തില്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യ (58) അതേ സ്ഥലത്താണ് ബസിടിച്ച് മരണപ്പെട്ടത്. ഒരാഴ്ച മുന്‍പായിരുന്നു അപകടം.

കോണ്‍വെന്റിന് സമീപമുള്ള പളളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് സ്വകാര്യ ബസിടിച്ചത്. സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് സ്ഥാപിച്ചു.

കുട്ടികളുടെ സുരക്ഷയെ കരുതി സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നെന്ന് മാത്രമല്ല വേഗ നിയന്ത്രണ സംവിധാനമോ സീബ്രാ ലൈനോ മറ്റ് മുന്നറിയിപ്പ് ബോര്‍ഡുകളോ ഇവിടെയില്ല. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നായിരുന്നു സിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നത്.

തൃശൂര്‍ സ്വദേശിനിയാണ് സിസ്റ്റര്‍ സൗമ്യ.