ചികിത്സക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസിം കൊല്‍ക്കത്തയില്‍ മരിച്ചതായി ബംഗാള്‍ പൊലീസ്
ധാക്ക: ഇന്ത്യയിലേക്ക് ചികിത്സക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസിം കൊല്‍ക്കത്തയില്‍ മരിച്ചതായി ബംഗാള്‍ പൊലീസ് സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് മന്ത്രി. ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വാറുല്‍ മെയ് 12 ന് ചികിത്സക്കായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാണാതായി. ബം?ഗ്ലാദേശ് എംപിയുടെ തിരോധാനത്തെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ അവസാന ലൊക്കേഷന്‍ നഗരത്തിലെ ന്യൂടൗണ്‍ ഏരിയയ്ക്ക് സമീപമായിരുന്നെന്ന് കണ്ടെത്തി. ഈ പ്രദേശത്തെ ഫ്ലാറ്റില്‍ വച്ചാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.
കാളിഗഞ്ച് ഉപാസില അവാമി ലീഗിന്റെ പ്രസിഡന്റ് കൂടിയായ അന്‍വാറുല്‍ അസിം, മെയ് 12 ന് വൈകുന്നേരം 7 മണിക്ക് കൊല്‍ക്കത്തയിലെ തന്റെ കുടുംബ സുഹൃത്ത് ഗോപാല്‍ ബിശ്വാസിനെ കാണാന്‍ പോയതായി പൊലീസ് പറഞ്ഞു. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അന്‍വാറുല്‍ പിറ്റേന്ന് ഉച്ചയ്ക്ക് 1:41 ന് ഗോപാലിന്റെ വീട്ടില്‍ നിന്ന് പോയി. വൈകിട്ട് തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാല്‍, വൈകുന്നേരം താന്‍ ദില്ലിയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയ ശേഷം വിളിക്കാമെന്നും ഗോപാലിനെ അറിയിച്ചു.
മെയ് 15 ന് അസിം മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ താന്‍ ദില്ലിയിലെത്തിയതായും വിഐപികള്‍ക്കൊപ്പമാണെന്നും ഗോപാലിനെ അറിയിച്ചു. ജൂണ്‍ 17 ന്, കുടുംബത്തിന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് അവര്‍ ഗോപാലിനെ വിളിച്ചു. അന്നുതന്നെ കുടുംബം ധാക്കയില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്‍വാറുള്‍ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശില്‍ ഒരാള്‍ പൊലീസിനോട് സമ്മതിച്ചു. കൊല്‍ക്കത്തയിലെ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. എന്നാല്‍, മൃതദേഹം ഇതുവരെ ന്യൂടൗണില്‍ എവിടെനിന്നും കണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ ബിധാനഗര്‍ പോലീസ് കമ്മീഷണറേറ്റ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.