സോളാര്‍ സമരം ഒത്തുതീര്‍പ്പ് ആരോപണം തള്ളി ബ്രിട്ടാസ്

കണ്ണൂര്‍: സിപിഎമ്മിന്റെ സോളാര്‍ സമരം സിപിഎം നേതാക്കള്‍ തന്നെ ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സമരം നിര്‍ത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലായിരുന്നു വിളിച്ചത്. ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഒത്തുതീര്‍പ്പിന് തയ്യാറെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാന്‍ തന്നോട് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ തിരുവഞ്ചൂര്‍ വിളിച്ചു. ചെറിയാന്‍ ഫിലിപ്പിന് എല്ലാം അറിയാം. പാര്‍ട്ടിയുടെ അറിവോടെ അന്ന് മുഖ്യമന്ത്രിയേയും കണ്ടുവെന്നും ബ്രിട്ടാസ് പറഞ്ഞു. തിരുവഞ്ചൂരിന്റെ സ്‌ക്രിപ്റ്റാണ് ജോണ്‍ ഇപ്പോള്‍ പറയുന്നതെന്നും താന്‍ മാധ്യമ പ്രവര്‍ത്തകനായല്ല പങ്കാളിയായതെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.