സോളാര്‍ സമരം നിര്‍ത്താന്‍ ഇടപെട്ടത് ബ്രിട്ടാസെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ജുഡീഷ്യല്‍ അന്വേഷണമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്ന് പാര്‍ട്ടി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയും പിണറായി വിജയന്റെ വിശ്വസ്തനുമായ ജോണ്‍ ബ്രിട്ടാസാണ് ഇതിനുള്ള ഇടപെടുലുകള്‍ നടത്തിയതെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി. രണ്ടു പത്രലേഖകര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നായിരുന്നു ഇതിന്റെ തുടക്കമെന്ന മുഖവുരയോടെയാണ് സമകാലിക മലയാളം ആഴ്ചപ്പതിപ്പിലെ ലേഖനത്തില്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍.
അപ്രതീക്ഷിതമായി സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന് രണ്ടുദിവസം അവധി നല്‍കിയതും പാര്‍ട്ടിക്കും നിയന്ത്രിക്കാന്‍ കഴിയാതെ പോയ, സമരക്കാര്‍ നേരിട്ട പ്രകൃതിയുടെ വിളിയും സമരം അവസാനിപ്പിക്കാന്‍ കാരണമായെന്ന് അദ്ദേഹം എഴുതുന്നു. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേയെന്ന് ജോണ്‍ ബ്രിട്ടാസ്, ജോണ്‍ മുണ്ടക്കയത്തോട് ഫോണില്‍ ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ബ്രിട്ടാസിന്റെ കോളെന്ന് അദ്ദേഹത്തിന് മനസിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടിയേ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ജുഡീഷ്യല്‍ അന്വേഷണം നേരത്തെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോയെന്ന് ചോദിച്ചപ്പോള്‍, അത് പത്രസമ്മേളനം വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പുവരുത്തി. ബ്രിട്ടാസ് പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചപ്പോള്‍, ആണെന്നാണ് മനസിലാക്കുന്നതെന്ന് മറുപടി കൊടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിക്കാമോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തേയും വിളിച്ച് കാര്യം അറിയിച്ചു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും കോടിയേരി ബാലകൃഷ്ണനേയും വിളിച്ചു സംസാരിച്ചു. ഇടതു പ്രതിനിധിയായി എന്‍.കെ. പ്രേമചന്ദ്രന്‍ യു.ഡി.എഫ്. നേതാക്കളെ കണ്ടു. ഇതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങിയെന്നും’ അദ്ദേഹം കുറിച്ചു.
അടിയന്തരയോഗത്തിനുശേഷം ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എ.കെ.ജി. സെന്ററില്‍ അടിയന്തരയോഗം ചേര്‍ന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴും ബേക്കറി ജങ്ഷനില്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടായിരുന്ന തോമസ് ഐസക്ക് ഒത്തുതീര്‍പ്പ് അറിഞ്ഞിരുന്നില്ല. ഒരു ചാനലില്‍നിന്ന് വിളിച്ചറിയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയുന്നത്. അത് തോമസ് ഐസക്കിന് വലിയ ഷോക്കായിരുന്നുവെന്നും ജോണ്‍ മുണ്ടക്കയം എഴുതി.
പിന്നീട് മാധ്യമങ്ങളെ കണ്ട തോമസ് ഐസക് സമരം പെട്ടെന്നു പിന്‍വലിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒന്നോ രണ്ടോ ദിവസം കൂടി സമരം തുടര്‍ന്നിരുന്നെങ്കില്‍ ആ സമ്മര്‍ദ്ദത്തില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കുമായിരുന്നു എന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞത്. സമരം തീര്‍ത്തത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന ആരോപണത്തില്‍ പിണറായി വിജയനു തന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ജോണ്‍ ബ്രിട്ടാസുമായി സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‘പലകാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിട്ടുണ്ടാകും. ഒരുസമരം ഒത്തുതീര്‍പ്പാക്കുന്നതിനുവേണ്ടി നടപടി വന്നാല്‍, അതിനോട് പോസിറ്റീവായി പ്രതികരിക്കുകയല്ലേ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്? ഞങ്ങള്‍ അത് കൃത്യമായി ചെയ്തു, അതില്‍ ഒരു മടിയുണ്ടായില്ല’, തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സമരം അവസാനിപ്പിക്കാന്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിരുന്നു എന്ന അന്നത്തെ ആരോപണം തിരുവഞ്ചൂര്‍ നിഷേധിച്ചു. ‘ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ ഒരു ഡീല്‍ എന്ന ആരോപണം നിഷേധിക്കുകയാണ്. അതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല, മനഃസാക്ഷിയുള്ള ആര്‍ക്കും അതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല’, അദ്ദേഹം വ്യക്തമാക്കി.