വിനായകനെതിരെ കേസ് എടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. വിനായകന്റെ പരാമര്‍ശം ശ്രദ്ധില്‍പ്പെട്ടിട്ടില്ല. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. സംഭവത്തില്‍ അയാള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ, വിനായകന്റെ വീടിനുനേരെ ഇന്നലെ ആക്രമണവുമുണ്ടായി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലാറ്റിലെ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു

ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ്’ ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടു. ഇതിനു പിന്നാലെ, എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം ഡിസിസി ഉള്‍പ്പെടെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.