രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസ്

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീര്‍മോന്‍ ഖലീല്‍, ആസാദ് അമീര്‍, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കണ്‍മുന്നില്‍വച്ച് രണ്‍ജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയപ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ വിധിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജി വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

2021 ഡിസംബര്‍ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിനെ വധിച്ചത്.