നീതിതേടി അനീഷ്യയുടെ അമ്മ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: മകളുടെ ആത്മഹത്യയില്‍ നീതിയുക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് പരവൂര്‍ കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മാതാപിതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. അനീഷ്യയെ ആത്മഹത്യയിലേക്കു തള്ളിവിട്ട ഗൂഢാലോചനയിലെ പങ്കുകാരും, നിലവില്‍ പ്രതിപട്ടികയില്‍ നിന്ന് മാറ്റിനിര്‍ത്തിയവരുമായ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാനുള്ള നടപടി സ്വീകരിക്കുക, കുറ്റാരോപിതര്‍ക്കുവേണ്ടി തെളിവുനശിപ്പിക്കാനുള്ള വ്യാപക ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുക, മരണാനന്തരവും അനീഷ്യയെ അപമാനിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി ചട്ടവിരുദ്ധ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്ത് നടപടി എടുക്കുക, ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികള്‍ക്കുവേണ്ടി നേരിട്ട് ഇടപെട്ട പ്രോസിക്യൂഷന്‍ ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം അമ്മ ഗവര്‍ണര്‍ക്ക് കൈമാറി.
അനീഷ്യയുടെ പിതാവ് കെ സത്യദേവന്‍, പിതൃ സഹോദരന്‍ കെ വിജയന്‍ , ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ പി ഇ ഉഷ, പ്രസിഡന്റ് മാഗ്ലീന്‍ ഫിലോമിന എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ ഉടനടി തന്നെ ചെയ്യുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി പി ഇ ഉഷ അറിയിച്ചു.