സോളാര്‍ സമരം: വെട്ടിലായി സിപിഎം, കരുതലോടെ കോണ്‍ഗ്രസ്; നേതാക്കള്‍ക്ക് മൗനം

തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം. സമരം പിന്‍വലിച്ച രീതിയെ 2013 ല്‍ തന്നെ എതിര്‍ത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്തുതീര്‍പ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
സര്‍വ്വശക്തിയും സമാഹരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായുള്ള സെക്രട്ടറിയേറ്റ് സമരം പെട്ടെന്ന് നിര്‍ത്തിയതില്‍ അന്ന് തന്നെ തന്ന അമ്പരപ്പും സംശയങ്ങളുമുയര്‍ന്നിരുന്നു. ആരാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തത് എന്നതില്‍ മാത്രമാണ് ഇപ്പോഴത്തെ തര്‍ക്കം. പക്ഷെ സിപിഎം നേതൃത്വത്തിന്റെ അറിവോടെ ചര്‍ച്ച നടന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് സമ്മതിച്ചു. ചര്‍ച്ച മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്ഥിരീകരിച്ചു. വിവാദം മുറുകുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടില്ല.

ആവശ്യം നേടിയെടുക്കാതെ ധാരണയുടെ പുറത്ത് സമരം നിര്‍ത്തിയത് അണികളോട് ഇതുവരെ കൃത്യമായി വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടി നേതാക്കള്‍ അംഗീകരിക്കുന്നില്ല. ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാതെ പൊതുതാത്പര്യം മുന്‍നിര്‍ത്തി സമരങ്ങള്‍ നിര്‍ത്തമല്ലോ എന്നൊക്കെ ചില നേതാക്കള്‍ അനൗദ്യോഗികമായി പറയുന്നുണ്ട്. ബാര്‍ കോഴ സമര കാലത്ത് സോളാറിലെ ഒത്തുതീര്‍പ്പിനെ കുത്തിയായിരുന്നു സിപിഐയുടെ പരസ്യ പ്രതികരണം.

വിവാദം വീണ്ടും മുറുകുമ്പോള്‍ സിപിഐക്ക് അതൃപ്തിയുണ്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള മികച്ച അവസരമായിട്ടും കോണ്‍ഗ്രസ് എടുത്തുചാടുന്നില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വരട്ടെയെന്ന് ചില നേതാക്കള്‍ പറയുന്നു. തിരുവഞ്ചൂര്‍ ഒഴികെ കെ സുധാകരനും വിഡി സതീശനും പ്രതികരിച്ചിട്ടില്ല. ധാരണയുടെ അടിസ്ഥാനത്തിലെ സമര പിന്മാറ്റത്തിന്റെ വിവരങ്ങള്‍ ക്ഷീണമാകുമെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കിടയിലുണ്ട്.