‘സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നല്‍കി പിസി ജോര്‍ജ്

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഡി ജി പിക്ക് പരാതി നല്‍കി. സോളാര്‍ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ പരാതിക്കാരിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പി സി ജോര്‍ജ് ഡി ജി പിക്ക് പരാതി നല്‍കിയത്.

ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കുന്ന കാലത്ത് പരാതിക്കാരിയടക്കമുള്ളവര്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവര്‍ പറഞ്ഞത് ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വൈര്യാഗ്യത്തില്‍ പരാതിക്കാരി മറ്റുള്ളവരും ആയി ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി തനിക്കെതിരെയും ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കി. ഈ പരാതിയില്‍ താന്‍ ജയില്‍ വാസം അനുഭവിക്കേണ്ടിവന്നെന്നും ജോര്‍ജ് ചൂണ്ടികാട്ടി. ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നും തനിക്കെതിരായ ലൈംഗിക പീഡന കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.