വിയറ്റ്‌നാമിന് ബ്രഹ്‌മോസ് നല്‍കാന്‍ ഇന്ത്യ: 375 ദശലക്ഷം ഡോളറോളം മൂല്യമുള്ള കരാര്‍

വിയറ്റ്‌നാമിന് ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വില്‍ക്കുന്നതിനെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണത്തില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യവുമായി മിസൈലുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഒപ്പിട്ടതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. ഇന്തോനേഷ്യയുമായുള്ള സമാനമായ ഒരു കരാര്‍ അവസാന ഘട്ടത്തിലാണെന്നും രാജേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷാംഗ്രി-ലാ ഡയലോഗില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെത്തിയ സിംഗ്, മിസൈല്‍ വാങ്ങാന്‍ സാധ്യതയുള്ളവരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സിംഗ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘എന്റെ അറിവ് അനുസരിച്ച് ഇന്തോനേഷ്യയുമായും വിയറ്റ്‌നാമുമായും ഉള്ള കരാറുകള്‍ അവസാന ഘട്ടത്തിലാണ്… യഥാര്‍ത്ഥത്തില്‍, വിയറ്റ്‌നാമിന്റെ കാര്യത്തില്‍ കരാര്‍ ഇതിനകം ഒപ്പിട്ടു കഴിഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്, ഒരുപക്ഷേ അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടാകില്ല, എങ്കിലും അത് ഒപ്പുവെച്ചു കഴിഞ്ഞു,’ സിംഗ് പറഞ്ഞു.

375 ദശലക്ഷം ഡോളറോളം മൂല്യമുള്ള കരാറില്‍ ഒപ്പുവെച്ചുകൊണ്ട് 2022-ല്‍ ഫിലിപ്പൈന്‍സ് ആണ് ഇന്ത്യയില്‍ നിന്ന് ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം വാങ്ങുന്ന ആദ്യ വിദേശ രാജ്യം ആയത്. ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം സംഭരിക്കുന്നതിനായി ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മാര്‍ച്ചില്‍ ഇന്തോനേഷ്യയും വ്യക്തമാക്കിയിരുന്നു.

ഇന്തോനേഷ്യയും വിയറ്റ്‌നാമുമായുള്ള കരാറുകളുടെ വിശദാംശങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. സാധാരണയായി രാജ്യങ്ങള്‍ തങ്ങളുടെ സൗഹൃദ പങ്കാളികളായി കരുതുന്ന രാജ്യങ്ങള്‍ക്കാണ് അത്യാധുനിക ആയുധ സംവിധാനങ്ങളും പ്ലാറ്റ്ഫോമുകളും വില്‍ക്കാറുള്ളതെന്ന് സിംഗ് പറഞ്ഞു.

‘വിശ്വസിക്കുന്ന ആളുകളുമായാണ് സാങ്കേതികവിദ്യ പങ്കിടുക,’ എന്ന് രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.

‘…ഞങ്ങള്‍ നിങ്ങളെയെല്ലാം പുരോഗതി പ്രാപിച്ച പ്രതിരോധ സാങ്കേതികവിദ്യകള്‍ പങ്കിടാന്‍ കഴിയുന്ന സൗഹൃദ വിദേശ രാജ്യങ്ങളായാണ് പരിഗണിക്കുന്നത്’ എന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സഹിഷ്ണുതയുള്ള വിതരണ ശൃംഖലകളും വിശ്വസനീയമായ പ്രതിരോധ പങ്കാളിത്തവും കെട്ടിപ്പടുക്കുന്നതിനായി മേഖലയിലുടനീളമുള്ള പങ്കാളികളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് സിംഗ് പ്രതിനിധികളോട് പറഞ്ഞു.

‘ഇന്ന്, പ്രതിരോധ ശേഷി നമ്മുടെ കാലഘട്ടത്തിന്റെ നിര്‍ണ്ണായക തന്ത്രപരമായ ആവശ്യകതകളില്‍ ഒന്നായി മാറിയിരിക്കുന്നു,’ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍, സമുദ്ര വ്യാപാര പാതകളിലെ തടസ്സങ്ങള്‍, വിതരണ ശൃംഖലയിലെ ദുര്‍ബലതകള്‍, സാങ്കേതിക തടസ്സങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന തന്ത്രപരമായ മത്സരം എന്നിവ ആഗോള സുരക്ഷാ അന്തരീക്ഷത്തെ പുനഃക്രമീകരിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.

‘സമീപ വര്‍ഷങ്ങളിലെ പാഠങ്ങള്‍ വ്യക്തമാണ്. പ്രതിരോധ സന്നദ്ധത എന്നത് എളുപ്പത്തില്‍ തകരുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടതോ ആയ വിതരണ ശൃംഖലകളെ ആശ്രയിച്ചു മുന്നോട്ട് പോകാനാകില്ല. രാജ്യങ്ങള്‍ക്ക് ഇന്ന് സഹിഷ്ണുതയുള്ളതും, വിശ്വസനീയവും, വൈവിധ്യവല്‍ക്കരിക്കപ്പെട്ടതും, സാങ്കേതികമായി പൊരുത്തപ്പെടാന്‍ കഴിയുന്നതുമായ പ്രതിരോധ വ്യവസായ ആവാസവ്യവസ്ഥകള്‍ ആവശ്യമാണ്,’ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദശകത്തില്‍ പ്രതിരോധ ഉല്‍പ്പാദനം, നവീകരണം, കയറ്റുമതി എന്നിവയില്‍ ഇന്ത്യ വലിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഈ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി കൂടുതല്‍ തുറന്നുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തങ്ങളുടെ സായുധ സേനയെ ആധുനികവല്‍ക്കരിക്കുക മാത്രമല്ല, വിശ്വസനീയമായ ഒരു പ്രതിരോധ നിര്‍മ്മാണ, പരിപാലന കേന്ദ്രമായി ഉയര്‍ന്നുവരുക കൂടിയാണെന്നും രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദനത്തിന്റെ 72 ശതമാനത്തോളം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്, ബാക്കി തുക സ്വകാര്യ മേഖലയുടെ സംഭാവനയാണെന്നും ലോകത്തെ മികച്ച 100 ആയുധ നിര്‍മ്മാണ കമ്പനികളില്‍ ഇന്ത്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് പ്രതിരോധ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രതിരോധ വ്യവസായം മിസൈല്‍ സംവിധാനങ്ങള്‍, യുദ്ധവിമാനങ്ങള്‍, പ്രധാന യുദ്ധ ടാങ്കുകള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച ശേഷി കൈവരിച്ചിട്ടുണ്ടെന്നും കര, വ്യോമ, സമുദ്ര മേഖലകളിലെ പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകളിലെ കുറവുകള്‍ നികത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു.

‘ഞങ്ങളുടെ ലക്ഷ്യം പ്രത്യേക കൂട്ടായ്മകള്‍ രൂപീകരിക്കുക എന്നതല്ല, മറിച്ച് കൂട്ടായ സുരക്ഷ ശക്തിപ്പെടുത്തുകയും തന്ത്രപരമായ ദുര്‍ബലതകള്‍ കുറയ്ക്കുകയും ചെയ്യുന്ന ഉള്‍ക്കൊള്ളാവുന്നതും വിശ്വസനീയവുമായ പങ്കാളിത്തം ഉണ്ടാക്കുക എന്നതാണ്,’ എന്ന് പറഞ്ഞുകൊണ്ടാണ് രാജേഷ് കുമാര്‍ സിംഗ് അവസാനിപ്പിച്ചത്.