വിസ അപേക്ഷകരെ ചൂഷണം ചെയ്ത് വി.എഫ്.സിന്റെ വമ്പന്‍ കൊള്ള: ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി/മുംബൈ: വിസ അപേക്ഷകരുടെ ആശങ്കകളും തിരക്കും മുതലെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുത്തല്‍. രാജ്യതലസ്ഥാനായ ഡല്‍ഹിയിലെ ശിവാജി മെട്രോ സ്റ്റേഷനിലും മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലുമുള്ള വിഎഫ്എസ് ഗ്ലോബല്‍ വിസ കേന്ദ്രങ്ങളിലാണ് അപേക്ഷകര്‍ക്കെതിരെ വ്യാപക ചൂഷണം നടക്കുന്നതായി കണ്ടെത്തിയത്.

85 അപേക്ഷകരുമായി നടത്തിയ സംഭാഷണത്തില്‍ പകുതിയോളം പേരും ‘മൂല്യവര്‍ദ്ധിത സേവന’ങ്ങളുടെ (വാല്യൂ ആഡഡ് സര്‍വീസസ് – വിഎഎസ്) പേരില്‍ പ്രീമിയം ലോഞ്ച്, എസ്എംഎസ് അലേര്‍ട്ടുകള്‍, കൊറിയര്‍ ചാര്‍ജുകള്‍ എന്നിവ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുന്നതായി പരാതിപ്പെട്ടു. മുംബൈ കേന്ദ്രത്തിന് പുറത്തുണ്ടായിരുന്ന 60ലധികം പേരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇതേ സമ്മര്‍ദ്ദം അനുഭവിച്ചതായി വ്യക്തമാക്കി.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ 408 കോടി രൂപ വരുമാനത്തിന്റെ 6.3 ശതമാനം (25.7 കോടി രൂപ) മാത്രമായിരുന്ന വിഎഎസ് വരുമാനം, 2019-20 ആയപ്പോഴേക്കും 673 കോടി രൂപ വരുമാനത്തിന്റെ 17 ശതമാനമായി (114.7 കോടി രൂപ) ഉയര്‍ന്നു. 2016നും 2024നും ഇടയില്‍ കമ്പനിയുടെ ആകെ വരുമാനം 411 കോടിയില്‍ നിന്ന് 1,125 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ലാഭം 7.7 കോടിയില്‍ നിന്ന് 155 കോടി രൂപയായി 20 മടങ്ങ് വര്‍ദ്ധിച്ചു. ലക്‌സംബര്‍ഗിലെ ഏകീകൃത അക്കൗണ്ടുകള്‍ അനുസരിച്ച്, ഈ വന്‍ വളര്‍ച്ചയ്ക്ക് പ്രധാന കാരണം വിഎഎസ് വില്‍പ്പന തന്നെയാണ്. 2024ല്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 172 ദശലക്ഷം യൂറോയിലെത്തി. എന്നാല്‍ ഇതേ കാലയളവില്‍ പ്രോസസ്സ് ചെയ്ത വിസകളുടെ എണ്ണത്തില്‍ വെറും 15 ശതമാനം മാത്രമാണ് വര്‍ദ്ധനവുണ്ടായത്.

2020-21 മുതല്‍ ഇന്ത്യയില്‍ കമ്പനി വിഎഎസ് വരുമാനം പ്രത്യേകം വെളിപ്പെടുത്തുന്നത് നിര്‍ത്തിയെങ്കിലും, 16 രാജ്യങ്ങളിലെ സ്വീഡിഷ് വിസ അപേക്ഷകളില്‍ നിന്ന് ലഭിച്ച 2,000 രസീതുകളുടെ വിശകലനത്തില്‍ വിഎഎസ് മൊത്തം വരുമാനത്തിന്റെ 30 ശതമാനം വരെയുണ്ടെന്ന് കണ്ടെത്തി.

ഇന്ത്യയിലെ രസീതുകളില്‍ പ്രീമിയം ലോഞ്ച് സേവനങ്ങളാണ് ഈ വരുമാനത്തിന് പ്രധാന കാരണം. 17 ശതമാനം അപേക്ഷകര്‍ പ്രീമിയം ലോഞ്ച് തിരഞ്ഞെടുത്തതിലൂടെ 21 ശതമാനം വരുമാനവും, 55 ശതമാനം പേര്‍ കൊറിയര്‍ സേവനങ്ങള്‍ ഉപയോഗിച്ചതിലൂടെ 12 ശതമാനവും, 46 ശതമാനം പേര്‍ എസ്എംഎസ് സേവനങ്ങള്‍ ഉപയോഗിച്ചതിലൂടെ 6 ശതമാനം വരുമാനവും ലഭിച്ചു.

ബള്‍ഗേറിയയിലേക്കുള്ള തൊഴില്‍ വിസയ്ക്കായി കാത്തിരുന്ന 26കാരനായ യുവാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്, ‘പ്രീമിയം ലോഞ്ച് ഫീസായി 3,000 രൂപയിലധികം വാങ്ങി. ഇതുകൂടാതെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്.’ ഇദ്ദേഹത്തിന്റെ രസീത് പരിശോധിച്ചപ്പോള്‍, കൊറിയര്‍ അഷ്വറന്‍സ് (1,260 രൂപ), പ്രീമിയം ലോഞ്ച് (3,360 രൂപ), എസ്എംഎസ് ഫീസ് (420 രൂപ) എന്നിങ്ങനെ ആകെ 15,000 രൂപയുടെ ബില്ലില്‍ 5,000 രൂപയോളം വിഎഎസിനായി ഈടാക്കിയിരുന്നു.

ജര്‍മ്മന്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ച പഞ്ചാബ് സ്വദേശിനി പറഞ്ഞു: ‘പ്രീമിയം ലോഞ്ചിലൂടെ മാത്രമേ ജര്‍മ്മന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. ഞാന്‍ ഏകദേശം 2,800 രൂപ നല്‍കി. ഇതേ പ്രശ്‌നം നേരിട്ട നിരവധി സഹപാഠികളുണ്ട്.’

വിഎഫ്എസിലെ മുന്‍ ജീവനക്കാരുടെ മൊ?ഴിപ്രകാരം, അപേക്ഷകരെ വിഎഎസ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പരിശീലനം. ഇത്തരം സേവനങ്ങളുടെ വില്‍പ്പന ജീവനക്കാരുടെ ഇന്‍സെന്റീവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. 2017ല്‍ കമ്പനി വിട്ട മുന്‍ ജീവനക്കാരന്‍ പറഞ്ഞു: ‘എസ്എംഎസിനും കൊറിയറിനും കൃത്യമായ ടാര്‍ഗെറ്റുകള്‍ ഉണ്ടായിരുന്നു. ആളുകള്‍ ഞങ്ങളെ എംബസിയില്‍ നിന്നുള്ളവരായി തെറ്റിദ്ധരിക്കുന്നു. ഞങ്ങള്‍ പറയുന്നത് എന്തും ശരിയാണെന്ന് അവര്‍ കരുതും.’

നിലവിലെ ജീവനക്കാരനായ മറ്റൊരാള്‍ വെളിപ്പെടുത്തിയത്, പ്രതിമാസം ശരാശരി 7,000-8,000 രൂപ വരെ ഇന്‍സെന്റീവ് ലഭിക്കാറുണ്ടെന്നാണ്.

ഇറ്റാലിയന്‍ വിസയ്ക്ക് അപേക്ഷിച്ച 27കാരന്റെ ബില്‍ 9,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തി. അദ്ദേഹം പറഞ്ഞു: ‘എസ്എംഎസ്, കൊറിയര്‍, ലോഞ്ച് എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി അവര്‍ ചേര്‍ത്തുകൊണ്ടേയിരുന്നു. സമയപരിധിയെക്കുറിച്ചുള്ള ആശങ്കയില്‍ ഞാന്‍ സമ്മതിച്ചുപോയി.’

കാനഡ വിസ അപേക്ഷകനായ 35കാരന്‍ പറഞ്ഞു: ‘13,500 രൂപയായിരുന്നു ആകെ. ലോഞ്ച് കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഉള്ളില്‍ പ്രത്യേക മുന്‍ഗണനാ വരികളൊന്നുമില്ല. എല്ലാവരും ഒരേ ക്യൂവിലാണ്.’

നോര്‍വീജിയന്‍ വിസയ്ക്ക് 18,000 രൂപ നല്‍കിയ ഐടി പ്രൊഫഷണല്‍ പറഞ്ഞു: ‘പ്രീമിയം എന്നാല്‍ വേഗത്തിലുള്ള നീക്കമാണെന്ന ധാരണ നല്‍കുന്നു. യാഥാര്‍ത്ഥ്യത്തില്‍ അത് ഇരിക്കാനുള്ള മറ്റൊരു സ്ഥലം മാത്രം.’

ആരോപണങ്ങളോട് പ്രതികരിച്ച വിഎഫ്എസ് ഗ്ലോബല്‍, തങ്ങളുടെ സേവനങ്ങള്‍ സുതാര്യവും കര്‍ശനമായി ഓഡിറ്റ് ചെയ്യപ്പെടുന്നതുമാണെന്നും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണെന്നും വ്യക്തമാക്കി. ‘വിഎഎസ് നിര്‍ബന്ധമല്ല, വിസ തീരുമാനങ്ങളെ ബാധിക്കുന്നില്ല, നിരക്കുകള്‍ സുതാര്യമാണ്. നിര്‍ബന്ധിക്കലുകളോ തെറ്റായ വിവരങ്ങളോ ഉണ്ടായാല്‍ വിട്ടുവീഴ്ചയില്ല,’ കമ്പനി പറഞ്ഞു. റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡിലേക്കുള്ള മാറ്റത്തിന്റെ ഭാഗമാണെന്നും കമ്പനി അറിയിച്ചു.