ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു: മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി അപലപിച്ചു
ഡല്‍ഹി: ഒമാന്‍ തീരത്ത് അമേരിക്കന്‍ സേന ഇന്ത്യന്‍ വാണിജ്യ കപ്പലിന് നേരെ നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 ഇന്ത്യക്കാരുണ്ടായിരുന്ന കപ്പലിലെ 21 പേരെയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ന്യൂഡല്‍ഹിയിലെ മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സംഭവത്തില്‍ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് ജേസണ്‍ മീക്‌സിനെ ഇന്ത്യ വിളിച്ചുവരുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ കസാക്കിസ്ഥാനില്‍ പര്യടനത്തിലായതിനാല്‍ രാജ്യത്തുണ്ടായിരുന്നില്ല.
‘ഒമാന്‍ തീരത്ത് വാണിജ്യ കപ്പലായ സെറ്റബെല്ലോയ്ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യന്‍ ജീവനക്കാരില്‍ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതയാണ് റിപ്പോര്‍ട്ട്. ഒമാനിലെ ഇന്ത്യന്‍ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, കൂടാതെ നിലവിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഒമാന്‍ അധികൃതരുമായി സജീവമായി ഏകോപനം നടത്തുന്നുമുണ്ട്.’ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതിലെ ആശങ്കയും ഇന്ത്യ അറിയിച്ചു. ഇത് ഈ മേഖലയില്‍ നിലവിലുള്ള സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഫലമാണെന്നും സംഘര്‍ഷങ്ങള്‍ ഉടനടി ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട ഇന്ത്യ ഇതിലൂടെ മേഖലയിലേക്ക് സമാധാനവും സുസ്ഥിരതയും തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
മേഖലയിലെ വാണിജ്യ കപ്പലുകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ നാവിക ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



