പാക് അധീന കശ്മീരിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഇന്ത്യ
ഡല്‍ഹി: പാക് അധീന കശ്മീരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. പാക്കിസ്ഥാന്റെ തെറ്റായ നടപടികള്‍ക്കും അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹം അവരെ മറുപടി പറയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് വ്യാജവാര്‍ത്തകളും വീഡിയോകളും നിരന്തരമായി പ്രചരിപ്പിക്കുന്ന ഒരു രീതിയാണ് ഞങ്ങള്‍ കാണുന്നത്. സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനും മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള പാക്കിസ്ഥാന്റെ നിരാശാജനകമായ ശ്രമമാണിത്’, വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘പാക് അധീന കശ്മീരില്‍ ക്രൂരമായ പൊലീസ് അതിക്രമങ്ങള്‍ നടക്കുന്നതായും, ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാന്റെ തെറ്റായ പ്രവൃത്തികള്‍ക്കും അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹം അവരെ മറുപടി പറയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച നടക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി, നിരോധിത സിവില്‍ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയില്‍പ്പെട്ട പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ അര്‍ദ്ധസൈനിക വിഭാഗം ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെടിവെപ്പിലും ഏറ്റുമുട്ടലിലുമായി 11 പേര്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മറ്റൊരു സംഘാംഗത്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോര്‍ച്ചറിക്ക് പുറത്താണ് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രതിഷേധക്കാര്‍ ഒത്തുകൂടിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അക്രമികള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് നാലു പൊലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും മരിച്ചുതായി പൂഞ്ച് സെക്ടര്‍ കമ്മീഷണര്‍ സര്‍ദാര്‍ വഹീദ് ഖാന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.



