അമേരിക്കന്‍ യുട്യൂബര്‍ പയ്യന്‍ 6 കോടി ബജറ്റിലൊരു സിനിമ എടുത്തു: നേടിയത് 2143 കോടി

ഇന്റര്‍നെറ്റ് യുഗത്തില്‍ കഴിവുണ്ടെങ്കില്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് 26കാരനായ അമേരിക്കന്‍ യൂട്യൂബര്‍ കറി ബാര്‍ക്കര്‍. സ്വന്തമായി സംവിധാനം ചെയ്ത ‘ഒബ്‌സഷന്‍’ എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുകയാണ്.

വെറും 7.5 ലക്ഷം ഡോളര്‍ (ഏകദേശം 6.3 കോടി രൂപ) ബജറ്റില്‍, അപരിചിതരായ താരങ്ങളെ വച്ച് നിര്‍മ്മിച്ച ഈ ചിത്രം ഇതിനകം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 224.7 ദശലക്ഷം ഡോളറിലധികം (ഏകദേശം 2143 കോടി രൂപ) നേടിക്കഴിഞ്ഞു. ഇതോടെ, വിതരണക്കാരായ പ്രശസ്ത ഹോളിവുഡ് സ്റ്റുഡിയോ ‘ഫോക്കസ് ഫീച്ചേഴ്‌സിന്റെ’ ചരിത്രത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന എക്കാലത്തെയും വമ്പന്‍ ഹിറ്റായി ‘ഒബ്‌സഷന്‍’ മാറി.

നടനാകണമെന്ന സ്വപ്നവുമായി വീടുവിട്ടിറങ്ങിയ കറി ബാര്‍ക്കര്‍, ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പഠിക്കുന്നതിനിടെ സുഹൃത്ത് ഡോ. കൂപ്പര്‍ ടോമില്‍സണെ പരിചയപ്പെട്ടു. ഇരുവരും ചേര്‍ന്ന് ‘ദാറ്റ്‌സ് എ ബാഡ് ഐഡിയ’ എന്ന യൂട്യൂബ് സ്‌കെച്ച് കോമഡി ചാനല്‍ ആരംഭിച്ചു. നിരവധി ഹ്രസ്വചിത്രങ്ങളും കോമഡി വീഡിയോകളും നിര്‍മ്മിച്ച് ശ്രദ്ധ നേടിയ ഇവര്‍, ‘ദ ചെയര്‍’ എന്ന ഹൊറര്‍ ഷോര്‍ട്ട് ഫിലിമിലൂടെയും പ്രശംസ പിടിച്ചുപറ്റി.

2024-ല്‍ ‘മില്‍ക്ക് ആന്‍ഡ് സീരിയല്‍’ എന്ന തങ്ങളുടെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ഫീച്ചര്‍ ചിത്രം പൂര്‍ണ്ണമായും സൗജന്യമായി യൂട്യൂബില്‍ റിലീസ് ചെയ്തു. വെറും ഏഴു ദിവസം കൊണ്ട് ചിത്രീകരിച്ച ആ ചിത്രത്തിലൂടെയാണ് കറി ബാര്‍ക്കറിലെ സംവിധായകനെ ലോകം തിരിച്ചറിഞ്ഞത്.

ചെറിയ ബജറ്റില്‍ വേറിട്ട കഥാശൈലി പരീക്ഷിച്ച് വിജയിച്ച ബാര്‍ക്കര്‍, ‘ഒബ്‌സഷന്റെ’ രചന, സംവിധാനം, എഡിറ്റിംഗ് എല്ലാം ഒറ്റയ്ക്ക് നിര്‍വ്വഹിച്ചു. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഏകദേശം 15 ദശലക്ഷം ഡോളറിനാണ് ഫോക്കസ് ഫീച്ചേഴ്‌സ് സ്വന്തമാക്കിയത്.

മുന്‍കാല ഹിറ്റുകളായ ‘ഡൗണ്‍ടണ്‍ അബി’ (193.3 ദശലക്ഷം ഡോളര്‍), റോബര്‍ട്ട് എഗ്ഗേഴ്‌സിന്റെ ‘നോസ്‌ഫെരാതു’ (181.8 ദശലക്ഷം ഡോളര്‍) എന്നിവയെപ്പോലും മറികടന്നുകൊണ്ട് ‘ഒബ്‌സഷന്‍’ ആഗോള ബോക്‌സ് ഓഫീസില്‍ അസാധാരണ കുതിപ്പ് നടത്തുന്നു. റിലീസ് ചെയ്തതിന്റെ നാലാം ആഴ്ചയിലും വരുമാനത്തില്‍ വെറും 7 ശതമാനത്തിന്റെ മാത്രം ഇടിവാണ് രേഖപ്പെടുത്തിയത്. നാലാം വാരാന്ത്യത്തില്‍ 25.6 ദശലക്ഷം ഡോളര്‍ നേടിയതോടെ, 1999-ല്‍ റിലീസ് ചെയ്ത ‘ബ്ലെയര്‍ വിച്ച് പ്രൊജക്റ്റിനെ’ പിന്നിലാക്കി, ഹൊറര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ‘ഫോര്‍ത്ത് വീക്കെന്‍ഡ്’ കളക്ഷന്‍ നേടുന്ന ചിത്രമായി.

കൂടാതെ, 1982-ലെ ‘ഇ.ടി. ദി എക്‌സ്ട്രാ ടെറസ്ട്രിയലിന്’ ശേഷം രണ്ടാമത്തെയും മൂന്നാമത്തെയും വാരാന്ത്യങ്ങളില്‍ കളക്ഷന്‍ വര്‍ദ്ധിച്ച അപൂര്‍വ ചിത്രം എന്ന നേട്ടവും ‘ഒബ്‌സഷന്‍’ സ്വന്തമാക്കി. യൂട്യൂബിലെ ചെറിയ വീഡിയോകളില്‍ നിന്ന് ഹോളിവുഡിന്റെ എ-ലിസ്റ്റ് സംവിധായകരുടെ നിരയിലേക്ക് കറി ബാര്‍ക്കര്‍ ഉയര്‍ന്നുകഴിഞ്ഞു.