വ്യാജ വാര്‍ത്തകള്‍ തടയാന്‍ ‘നോട്ട് വെരിഫൈഡ്’ ലേബല്‍

വീഡിയോകളുടെ മുകളില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്നര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ എന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശവുമായി സര്‍ക്കാര്‍. വ്യാജ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വ്യാജ വാര്‍ത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഇല്ലാതാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഉപഭോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ഉറപ്പുവരുത്താനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 22 ന് മുമ്പ് ഈ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.

ഇതിന് പുറമെ പോണോഗ്രഫി, കുട്ടികളോടുള്ള ലൈംഗികാതിക്രമം എന്നിവ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാവള്യപ്പെട്ട് എക്സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്കും മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിവരുന്ന നിയമപരിരക്ഷ പിന്‍വലിക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതേസമയം പോണോഗ്രഫിക് ഉള്ളടക്കങ്ങള്‍ നീക്കാനുള്ള നിര്‍ദേശത്തോടുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളുടെ പ്രതികരണത്തില്‍ മന്ത്രാലയം തൃപ്തരല്ലെന്നും ഇതേ തുടര്‍ന്ന് കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.