കേരളത്തില്‍ സദാചാര പോലീസിന്റെ താണ്ഡവം; കൊടുങ്ങല്ലൂരില്‍ യുവാവിനെ നഗ്‌നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അഴിക്കോട് യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. പള്ളിപ്പറമ്പില്‍ സലാം എന്നയാളെ ഒമ്പതംഗ സംഘമാണ് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച്ച രാത്രിയാണ് സംഭവം. അഴിക്കോട് മേനോന്‍ നഗറില്‍വെച്ച് സംശയകരമായി കണ്ടുവെന്നാരോപിച്ചാണ് യുവാവിനെ തല്ലിയത്. പൂര്‍ണ്ണമായും നഗ്‌നനാക്കി കൈകള്‍ പോസ്റ്റില്‍ കൂട്ടിക്കെട്ടിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഇയാളുടെ പല്ലുകള്‍ കൊഴിഞ്ഞു. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തിന് ശേഷം ഇയാളുടെ നഗ്‌ന ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസെത്തിയാണ് സലാമിനെ മോചിപ്പിച്ചത്.

സലാമിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിചയമുണ്ടായിരുന്ന ആളാണ് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് സലാം മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണം. എന്നാല്‍ പ്രദേശത്ത് വീട്ടിലേക്ക് ഇയാള്‍ അതിക്രമിച്ച് കടക്കാന്‍ നോക്കിയതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരുടെ പ്രതികരണം.