വിദ്യാഭ്യാസക്കച്ചവടം: മേഖലയില്‍ സഭയുടെ സ്ഥാനം നിഷേധിക്കാനാവില്ലെന്ന് മാര്‍ ആലഞ്ചേരി
കൊച്ചി: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ സ്വഭാവം അറിയില്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേയും ഭാരതത്തിലേയും വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കുമുള്ള സ്ഥാനം നിഷേധിക്കാനാവില്ല. ഒറ്റപ്പെട്ട പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പൊതു നിലപാടായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും ഇപ്പോള്‍ കച്ചവടത്തിന്റെ ഭാഗമായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ കോളെജുകളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അവയെ നിയന്ത്രിക്കാന്‍ നിയമമുണ്ടല്ലോയെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. സ്വാശ്രയ കോളേജുകളുടെ നയരൂപീകരണത്തിലും കോളേജുകളുടെ നടത്തിപ്പിലും പരസ്പര സംവാദത്തിലൂടെ തീരുമാനമെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസച്ചട്ട ഭേദഗതി പിന്‍വലിക്കണം. സ്വാശ്രയ കോളെജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ക്രൈസ്തവ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായെന്നും, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വം ക്രൈസ്തവ മാനേജ്‌മെന്റുകള്‍ മാത്രമാണുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.