മലയാളികള്‍ ഇരുട്ടത്തിരുന്നു സഹകരിക്കണം എന്ന് വൈദ്യുത മന്ത്രി ; കേരളത്തിനെ കാത്തിരിക്കുന്നത് പവര്‍കട്ട് കാലം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇങ്ങനെ പോയാല്‍ ലോഡ്‌ഷെഡിങ് വേണ്ടി വരുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ലോഡ്‌ഷെഡിങ് നടപ്പാക്കിയാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നിലവിലെ പ്രതിസന്ധി അതിജീവിക്കുന്നതിനായി കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതിവാങ്ങാന്‍ തീരുമാനിച്ചതായും മന്ത്രി കോഴിക്കോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് ഇതിനോടകം പുറത്തുവന്ന വിവരങ്ങളെ ശരിവെയ്ക്കുകയായിരുന്നു മന്ത്രി എം.എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. കൂടുതല്‍ പ്രതിസന്ധിയുണ്ടായാല്‍ സഹായിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയത് മാത്രമാണ് ആശ്വാസം. കേന്ദ്രപൂളില്‍ നിന്ന് ഇനിയും കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. പവര്‍കട്ട് ഏര്‍പ്പെടുത്താതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നതെന്നും മന്ത്രി പറയുന്നു.
വൈദ്യുതി ക്ഷാമം പരിഗണിച്ച് സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ജലവൈദ്യുത പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പള്ളിവാസല്‍ പദ്ധതിയാണ് പരിഗണിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കൂടുതല്‍ കാറ്റാടി വൈദ്യുതി പദ്ധതികള്‍ തുടങ്ങുമെന്നും ഇതിനായി സ്വകാര്യ സംരഭകരെയടക്കം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സോളാര്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായുമെന്നും മണി. വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തില്‍ റെഗുലേറ്ററി കമ്മിററി തെളിവെടുപ്പ് നടത്തുകയാണ്. ഇക്കാര്യത്തില്‍ ഫെബ്രുവരി ആദ്യവാരം തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. നിരക്ക് വര്‍ധന പരിഗണിക്കുന്ന കാര്യം റെഗുലേറ്ററി കമ്മിറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്