മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന ; മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി എൻ.ഡി.എ സഖ്യകക്ഷി കൂടിയായ ശിവസേന രംഗത്ത്. നോട്ട്നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് ശിവസേന ആരോപിച്ചു. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയലിലാണ് മോദിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ ശിവസേന രംഗത്തെത്തിയത്. മോദി ഏകപക്ഷീയമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. മന്ത്രിസഭാ യോഗങ്ങളിൽ മോദി ബധിരരെയും ഊമകളെയും സൃഷ്ടിച്ചു. ആർ.ബി.ഐ ഗവർണറെ നിയമിച്ച് രാജ്യത്തിൻറെ സാമ്പത്തികം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാക്കിയെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സഹകരണ ബാങ്കുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും പത്രം കടുത്ത വിമർശനമുന്നയിച്ചു. നോട്ട് നിരോധത്തെ ആദ്യം പിന്തുണച്ച എൻ.സി.പി നേതാവ് ശരത് പവാറിനെയും സാമ്ന വിമർശിച്ചു. 86 ശതമാനം നോട്ടുകളും പിന്‍വലിച്ച മോദിയുടെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു. കാഴ്ചയും കേള്‍വിയുമില്ലാത്ത തത്തകളെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തുപോലെയാണ് മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറെ തിരഞ്ഞെടുത്തത്. കേന്ദ്രത്തിൽ സഖ്യകക്ഷി കൂടിയായ ശിവസേന നോട്ട് നിരോധവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ സാമ്നയിലൂടെയും നേരിട്ടും ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ശിവസേന രംഗത്തെത്തിയിരുന്നു. നവംബര്‍ 8ന് പ്രധാനമന്ത്രി 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതുമുതല്‍ എന്‍.ഡി.എ ഘടകകക്ഷികൂടിയായ ശിവസേന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തുണ്ട്.