തിരുവനന്തപുരത്ത് വിമാനം റാഞ്ചാന്‍ സാധ്യത ; കനത്ത സുരക്ഷ

തിരുവനന്തപുരം :  തിരുവനന്തപുരം അന്താരാഷ്ട്ര  വിമാനതാവളത്തില്‍ നിന്നും  വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന കേന്ദ്ര സർക്കാരി​െൻറ മുന്നറിയിപ്പിനെ തുടർന്നു  വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ജനുവരി 30 വരെ സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി.  യാത്രക്കാരുടെ ബാഗുകൾ രണ്ടുതവണ പരിശോധിക്കും.  വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പു രണ്ടാം വട്ടവും ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തണമെന്നും നിർദേശമുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളെയും ദ്രുതകർമ സേനാംഗങ്ങളെയും വിമാനത്താവള പരിസരത്തു വിന്യസിച്ചു. കർശന പരിശോധനയ്ക്കു ശേഷമേ വിമാനത്താവള പരിസരത്തേക്കു വാഹനങ്ങളും കടത്തിവിടുകയുള്ളൂ. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നീ ഏജൻസികളാണു ജാഗ്രതാ നിർദേശം നൽകിയത്. വിമാനത്താവളത്തിനു 13 കിലോമീറ്റർ ചുറ്റളവിൽ സായുധ സുരക്ഷയും ഏർപ്പെടുത്തും.ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.