നോട്ടുനിരോധനം ; കള്ളപ്പണം മുഴുവന്‍ വെളുപ്പിച്ചു എന്ന് സംശയം ; നിരോധിച്ചതിനേക്കാള്‍ പണം തിരിച്ചെത്തി എന്ന് ആര്‍ ബി ഐ
ന്യൂഡല്‍ഹി : രാജ്യത്തെ കള്ളപ്പണം പിടികൂടാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കിയ 500,1000 നോട്ടുകളുടെ നിരോധനം കള്ളപ്പണം പൂഴ്ത്തിവെച്ചവര്‍ക്ക് തന്നെ ഗുണകരമായി എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം അസാധുവാക്കിയതിലേറെ നോട്ടുകൾ തിരിച്ചെത്തിയെന്നു പബ്ലിക് അക്കൗണ്ട് കമ്മിറ്റി (പിഎസി) യോഗത്തിനെത്തിയ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി കുറ്റസമ്മതം നടത്തിയെന്നു റിപ്പോര്‍ട്ടുകള്‍. മൂല്യം കൂടിയ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നുവെന്ന ബലമായ സംശയവും അവർ കമ്മിറ്റിക്ക് മുന്‍പില്‍ രഹസ്യമായി സ്ഥിതീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രേഖാമൂലം നൽകിയ മറുപടികളിലും യോഗത്തിനിടെ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങളിലും കാര്യമായ വെളിപ്പെടുത്തലുകളുമില്ല. കാര്യങ്ങൾ പൊതുവായി പറഞ്ഞു മുഖ്യ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായിരുന്നു അവരുടെ രീതി. നോട്ട് റദ്ദാക്കൽ ചർച്ച കഴിഞ്ഞ വർഷമാദ്യം തന്നെ തുടങ്ങിയിരുന്നെന്നും 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വീണ്ടും പ്രചാരത്തിലായിട്ടുണ്ടെന്നുമാണ് അന്നു പറഞ്ഞ പ്രധാന കാര്യങ്ങൾ. അതേസമയം നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, സിംഗപ്പൂർ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങൾ റദ്ദാക്കിയ രൂപ മാറ്റിയെടുക്കാൻ കാത്തിരിക്കുകയാണ്. ഇതു കൂടിയെത്തുന്നതോടെ കണക്കിൽ പെടാത്ത പണം വീണ്ടും പെരുകും. നവംബർ എട്ടിനും ഡിസംബർ 30നുമിടയ്ക്കു വിവിധ ഏജൻസികൾ നടത്തിയ പരിശോധനകളിൽ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടില്ലെന്നു ധനമന്ത്രാലയം പിഎസിയെ അറിയിച്ചു. ആദായ നികുതി വകുപ്പു നടത്തിയ പരിശോധനകളിൽ കണക്കിൽപെടാത്ത 474.37 കോടി രൂപയാണു പിടിച്ചത്. ഇതിൽ 112.29 കോടി പുതിയ കറൻസിയാണ്.