വീണ്ടും ട്രെയിന്‍ അപകടം ; ആന്ധ്രയിൽ ട്രെയിൻ പാളം തെറ്റി 32 മരണം

അമരാവതി :  അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളില്‍ ഞെട്ടി രാജ്യം. ഇത്തവണ ആന്ധ്രയിലാണ് അപകടം ഉണ്ടായത്.ജഗ്​ദൽപുർ–ഭുവനേശ്വർ ഹിരാഖണ്ഡ്​ എക്​സ്​പ്രസാണ് പാളംതെറ്റിയത്.  അപകടത്തിൽ 32 പേർ മരിച്ചു. 50 ഒാളം പേർക്ക്​ പരിക്കേറ്റു. ആന്ധ്ര–ഒഡീഷ അതിർത്തിയിലെ കുനേരു സ്​റ്റേഷന്​ സമീപമാണ്​ സംഭവം.​  ശനിയാഴ്​ച രാത്രി 11 മണിയോടെയാണ്​ അപകടമുണ്ടായത്​. ട്രെയി​നി​െൻറ എഞ്ചിനും എഴ്​ കോച്ചുകളുമാണ്​ പാളം തെറ്റിയത്​. രണ്ട്​ ജനറൽ കോച്ചുകളും, രണ്ട്​ സ്ലീപ്പർ കോച്ചുകളും, ഒരു ത്രീ ടയർ എസി കോച്ചും, ടു ടയർ എസി കോച്ചും ഇതിൽ ഉൾപ്പെടും. ചത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് വരുകയായിരുന്ന ട്രെയിനാണ്  അപകടത്തിൽപ്പെട്ടത്​. ഒഡീഷയിലെ രായിഗഡിൽ നിന്ന്​ 24 കിലോ മീറ്റർ അകലെയാണ്​ അപകടം. പ്രഭാതിപുരം, രായിഗഡ എന്നീവിടങ്ങളിലെ ആശുപത്രികളിലാണ്​ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്​. അപകടം നടന്നയുടൻ തന്നെ പൊലീസും ഡോക്​ടർമാരുടെ സംഘവും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന്​ നിരവധി ട്രെയിനുകൾ വഴിതിരിച്ച്​ വിട്ടു.അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ 100 ഓളം കുടുങ്ങിപ്പോയിരുന്നു. ഇതില്‍ സാരമായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.   മാവോയിസ്റ്റ് ശക്തിപ്രദേശത്തുണ്ടായ അപകടം റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം അട്ടിമറി സാധ്യത തള്ളികളഞ്ഞില്ല. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും അപകടസ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അന്പതിനായിരം രൂപയും റെയില്‍വെ സഹായധനം പ്രഖ്യാപിച്ചു.