അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് കിട്ടാന്‍ മുടക്കേണ്ട തുക ഇരട്ടിയാക്കി

അമേരിക്കന്‍ മോഹങ്ങളുമായി ഭാവി  കണക്കുകൂട്ടിയിരിക്കുന്ന നിക്ഷേപകര്‍ക്ക് തിരിച്ചടിയായി ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി ഇരട്ടിയോളമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ സാമ്പത്തിക ശേഷി നിര്‍ണയിക്കുന്ന പരിധിയാണ് ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  നിലവിലെ ഒരു മില്യണ്‍(6.8 കോടി )ഡോളറില്‍ നിന്ന് 1.8 മില്യണ്‍( 12.2 കോടി) ഡോളറാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് യുഎസ് സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്. ജനുവരി 17 ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശങ്ങളുള്ളത്. തൊഴില്ലായ്മ കൂടുതലുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ ബിസിനസ് ആരംഭിക്കാന്‍ നിക്ഷേപിക്കേണ്ട പരിധിയിലും വര്‍ധനവ് വരുത്തണമെന്നാണ് ശുപാര്‍ശ. 0.5 മില്യണ്‍ ഡോളറില്‍ നിന്ന് 1.35 മില്യണ്‍( 9.2 കോടി)യായി  വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം പുതിയ ശുപാര്‍ശയില്‍ 90 ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.