നടന്‍മാരുടെ മരണത്തിനു ഇടയാക്കിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു ; ചിത്രത്തിന് പുലിമുരുകനുമായി ബന്ധം

ഷൂട്ടിംഗിന്‍റെ ഇടയില്‍ വില്ലന്‍ നടന്മാരുടെ മരണത്തിനു ഇടയാക്കിയ കന്നഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. മസ്തി ഗുഡി എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തില്‍ കന്നഡ നടനായ ദുനിയാ വിജയ്‌ ആണ് നായകന്‍. വില്ലന്‍, സഹനടന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ അനിലും ഉദയും ആണ് ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്ററില്‍ നിന്നും ഡ്യൂപ്പ് ഇല്ലാതെ തടാകത്തില്‍ ചാടിയ സമയം ദാരുണമായി കൊല്ലപ്പെട്ടത്. നായകവേഷം ചെയ്ത ദുനിയ വിജയ് നീന്തി കരയ്‌ക്കെത്തിയെങ്കിലും അനിലിനെയും ഉദയിനെയും കാണാതാവുകയായിരുന്നു. പീന്നീട് നീണ്ട തെരച്ചിലുകള്‍ക്ക് ശേഷമാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്. വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് രംഗം ഷൂട്ട്‌ ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന ബോട്ട് പണിമുടക്കിയതാണ് ഇരുവരുടെയും ജീവന്‍ പൊലിയുന്നതില്‍ കലാശിച്ചത്. ഇരുവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. അതേസമയം മലയാളത്തില്‍ സൂപ്പര്‍ വിജയമായ പുലിമുരുകനുമായി ചിത്രത്തിന് സാമ്യം ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം.ചിത്രത്തില്‍ കടുവകള്‍ക്ക് മുഖ്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ വേട്ടക്കാരില്‍ നിന്നും കടുവകളെ രക്ഷിക്കുന്ന നായകനാണ് ഇതില്‍ എന്ന് വ്യത്യാസം മാത്രം. രണ്ടുകാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം സംവിധാനംചെയ്യുന്നത് നഗശേഖറാണ് .